വെഞ്ഞാറമൂട്ടിൽ വെള്ളം കിട്ടാതെ പോലീസുകാർ
വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനോട് അനുബന്ധിച്ചുള്ള പോലീസ് കോട്ടേഴ്സിലെ പോലീസുകാരും കുടുംബാംഗങ്ങളും വെള്ളം കിട്ടാതെ വലയുന്നു.കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന കിണർ വറ്റിയതും മറ്റ് ജലസ്രോതസ്സുകൾ പ്രവർത്തന രഹിതമായതുമാണ് ജലക്ഷാമത്തിന് കാരണമായിരിക്കുന്നത്.വെഞ്ഞാറമൂട്ടിൽ പോലീസ് കോട്ടേഴ്സിൽ വിവിധ സ്റ്റേഷനുകളിൽ ഡ്യൂട്ടി നോക്കുന്ന പതിനാറോളം പോലീസുകാരും അവരുടെ കുടുംബാംഗങ്ങളുമാണ് താമസിച്ചു വരുന്നത്.ഇത്തരത്തിൽ 16കോട്ടേസുകളിലായി 60 ഓളം പേരാണ് താമസിക്കുന്നത്.ഇവർ ഇവിടെയുള്ള ഒരു കിണറിൽ നിന്നുള്ള വെള്ളമാണ് ആശ്രയിച്ചിരുന്നത്.വെഞ്ഞാറമൂട്ടിൽ കൺട്രോൾ റൂം വന്നതോടെ ഇവിടെ നിന്നുള്ള വെള്ളമാണ് കൺട്രോൾ റൂമിലേക്കും എടുക്കുന്നത്.ഈ കിണർ വറ്റിയതോടെ ഇപ്പോൾ വലഞ്ഞത് കോട്ടേഴ്സിലെ താമസക്കാരായ പോലീസുകാരും കുടുംബാംഗങ്ങളുമാണ്.കോട്ടേഴ്സിലുള്ള കുഴൽ കിണർ വർഷങ്ങളായി പ്രവർത്തനരഹിതവുമാണ്.15 വർഷം മുമ്പ് വരെ വാട്ടർ അതോറിറ്റിയുടെ പൈപ്പ് കണക്ഷൻ ഇവിടേക്ക് ഉണ്ടായിരുന്നു.എന്നാൽ റോഡ് പണികൾ നടന്നതോടെ പൈപ്പ് കണക്ഷൻ വഴിയുള്ള ജലാഗമനം നിലയ്ക്കുകയായിരുന്നു.എന്നാൽ ഇപ്പോഴും വാട്ടർ അതോറിറ്റിയുടെ ബില്ല് പോലീസ് സ്റ്റേഷൻ എത്താറുമുണ്ടത്രെ.എന്നാൽ 15 വർഷത്തോളമായി മുടങ്ങിക്കിടക്കുന്ന വാട്ടർ കണക്ഷൻ പുനസ്ഥാപിച്ചിരുന്നെങ്കിൽ കോട്ടേഴ്സിലെ താമസക്കാരുടെ ജലക്ഷാമം പരിഹരിക്കപ്പെടാമായിരുന്നു എന്നാണ് പോലീസുകാർ പറയുന്നത്.ഇല്ലെങ്കിൽ ഇവിടെ നിന്നും താമസം മാറി പോകേണ്ട അവസ്ഥയിലാണ് ഇവർ.