സഹകരണ ബാങ്കുകൾക്കെതിരെ പിടിമുറുക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
നിയമലംഘനം നടത്തുന്ന സഹകരണ ബാങ്കുകൾക്കെതിരെ പിടിമുറുക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിയന്ത്രണങ്ങൾ പാലിക്കുന്നതിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി ഇത്തവണ അഞ്ച് സഹകരണ ബാങ്കുകൾക്കാണ് പിഴ ചുമത്തിയിട്ടുള്ളത്. എസ്ബിപിപി കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ദി സഹ്യാദ്രി സഹകാരി ബാങ്ക് ലിമിറ്റഡ്, റഹിമത്പൂർ സഹകാരി ബാങ്ക് ലിമിറ്റഡ്, ഗാധിംഗ്‌ലാജ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ദി കല്യാൺ ജനത സഹകാരി ബാങ്ക് ലിമിറ്റഡ് എന്നീ ബാങ്കുകൾക്കെതിരെയാണ് ആർബിഐ നടപടി കടുപ്പിച്ചിരിക്കുന്നത്.നിക്ഷേപങ്ങളുടെ പലിശ നിരക്ക് സംബന്ധിച്ച് ആർബിഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് എസ്ബിപിപി കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് 18 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. മുംബൈയിലെ സഹ്യാദ്രി സഹകരണ ബാങ്ക് ലിമിറ്റഡ് 6 ലക്ഷം രൂപയാണ് പിഴ അടയ്ക്കേണ്ടത്. കെവൈസി നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടി. ഇതിന് പുറമേ, എജുക്കേഷൻ ആൻഡ് അവയർനസ് ഫണ്ടിലേക്ക് അർഹമായ തുക ട്രാൻസ്ഫർ ചെയ്തിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.പ്രവർത്തനരഹിതമായ അക്കൗണ്ടുകളുടെ വാർഷിക അവലോകനം നടത്താത്തതിനെ തുടർന്ന് റഹിമത്പൂർ സഹകാരി ബാങ്ക് ലിമിറ്റഡിന് ഒരു ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. റെഗുലേഷൻ ആക്ട് 1949-ലെ ചില വകുപ്പുകൾ ലംഘിച്ചതിനെ തുടർന്ന് ഗാധിംഗ്‌ലാജ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് 3 ലക്ഷം രൂപയാണ് പിഴ ഒടുക്കേണ്ടത്. അതേസമയം, മഹാരാഷ്ട്രയിലെ കല്യാൺ ജനതാ സഹകാരി ബാങ്ക് ലിമിറ്റഡിന് 4.50 ലക്ഷം രൂപയാണ് പിഴ.