ഗാന്ധിജയന്തി: ജില്ലാതല വാരാഘോഷത്തിന് തുടക്കം : ഗാന്ധിജിയുടെ സത്യസന്ധത ജീവിതത്തില്‍ പുലര്‍ത്തേണ്ടത് എല്ലാവരുടെയും കടമയെന്ന് ജില്ലാ കളക്ടര്‍
ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന ഇക്കൊല്ലത്തെ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് നിര്‍വഹിച്ചു.പട്ടികവര്‍ഗ വികസന വകുപ്പുമായി ചേര്‍ന്ന് മലയിന്‍കീഴ്,മണലി ജി.കാര്‍ത്തികേയന്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സി.ബി.എസ്.ഇ സ്‌കൂളിലാണ് ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചത്.ഇപ്പോള്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് സ്വന്തമായി സ്ഥലം കണ്ടെത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുത്ത മേഖലാ അവലോകന യോഗത്തില്‍ നിര്‍ദ്ദേശം ലഭിച്ചുവെന്ന് കളക്ടര്‍ പറഞ്ഞു. സമയബന്ധിതമായി സ്ഥലം കണ്ടെത്തി അടുത്ത ഗാന്ധിജയന്തി സ്വന്തം കെട്ടിടത്തില്‍ ആഘോഷിക്കാനുള്ള അവസരമൊരുക്കും.പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്നാണ് ഒക്ടോബര്‍ രണ്ടിന് തുടങ്ങേണ്ട ഗാന്ധിജയന്തി വാരാഘോഷം ഇത്രയും വൈകിയത്.മഹാത്മാ ഗാന്ധി പുലര്‍ത്തിയിരുന്ന സത്യസന്ധത ജീവിതത്തില്‍ പകര്‍ത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്.കൃത്യമായ സമയത്ത് ധൈര്യത്തോടെ സത്യം പറയാന്‍ കഴിയണമെന്നും ഇക്കാര്യത്തില്‍ മടി കാണിക്കരുതെന്നും കളക്ടര്‍ കുട്ടികളോട് പറഞ്ഞു. ചടങ്ങില്‍ തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി.ബിന്‍സിലാല്‍,നെടുമങ്ങാട് ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസര്‍ എസ്.സന്തോഷ് കുമാര്‍,സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. എസ്.പി.ഷാനിമോള്‍,അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരും സന്നിഹിതരായി. വാരാഘോഷത്തിന്റെ ജില്ലാതല സമാപനം അവനവഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നടക്കും.