എന്താണ് നാലുവർഷ ബിരുദ പ്രോഗ്രാം കൂടുതലറിയാൻ : കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മാധ്യമ പ്രവർത്തക ശിൽപശാല : മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു

Spread the love

സംസ്ഥാനത്തെ കോളേജുകളിൽ ഈ വർഷം മുതൽ നടപ്പാക്കുന്ന നാലുവർഷ ബിരുദ പരിപാടിയെക്കുറിച്ച് കൂടുതലറിയാൻ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും സംസ്ഥാന ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെയും സഹകരണത്തോടെ കേരള പത്രപ്രവർത്തക യൂണിയന്റെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച ശില്പശാല തിരുവനന്തപുരത്ത് ഉദ്‌ഘാടനം ചെയ്തു.ക്യാമ്പസുകളുടെ മതിൽക്കെട്ടുകൾക്കു പുറത്തെ സമൂഹത്തെക്കൂടി ഗുണാത്മകമായി പരിവർത്തനം ചെയ്തെടുക്കാൻ കഴിയുന്ന വിധത്തിലുള്ള ഇടപെടൽശേഷി നമ്മുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉണ്ടാകണമെന്നും ഈ സ്ഥാപനങ്ങൾ ഉൽപ്പാദിപ്പിക്കുന്ന സവിശേഷമായ അറിവുകളെ പ്രയോജനപ്പെടുത്തി കേരളീയ സമൂഹം അഭിമുഖീകരിക്കുന്ന നിരവധിയായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയണമെന്നും പരിപാടിയിൽ പറഞ്ഞു.കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, ആർജ്ജിത മൂലധനം എന്നുപറയുന്നത് വിജ്ഞാനം തന്നെയാണ്. അപ്പോൾ ഈ മേഖലയിൽ കുറെക്കൂടി പ്രായോഗികമായിട്ടുള്ള പ്രവർത്തനങ്ങളെക്കൂടി ഉദ്ഗ്രഥിച്ചുകൊണ്ട് കൃഷി, വ്യവസായം, ആരോഗ്യം ഇത്യാദി അടിസ്ഥാന മേഖലകളിലേക്ക് അവിടെ നിലനിൽക്കുന്ന പ്രശ്നങ്ങളെ പരിഹരിക്കുന്നതിനുതകുന്ന വിധത്തിലുള്ള നൂതനാശയങ്ങൾ മുന്നോട്ടുവയ്ക്കാൻകൂടി കഴിയുന്ന വിധത്തിലുള്ള പ്രവൃത്യുൻമുഖ വിദ്യാഭ്യാസത്തിലേക്ക് നമ്മുടെ കലാലയങ്ങളെ കൊണ്ടുപോകണം എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പുതിയ പരിഷ്കാരങ്ങളിലേക്ക് നാം നീങ്ങിക്കൊണ്ടിരിക്കുന്നത്.മാറ്റങ്ങളുടെ ഭാഗമായി ട്രാൻസ്‌ലേഷണൽ റിസർച്ച് ലബോറട്ടറികൾ, കംപ്യൂട്ടർ അധിഷ്ഠിത മാനേജ്മെന്റ് സംവിധാനമായ K-Reap, സ്റ്റാർട്ടപ്പ് മിഷൻ്റെ സഹകരണത്തോടെ വിദ്യാർത്ഥി സ്റ്റാർട്ടപ്പുകൾ, പഠനത്തോടൊപ്പം തന്നെ ഇൻ്റേൺഷിപ്പ് തുടങ്ങിയവയൊക്കെ വലിയ പ്രതീക്ഷകളോടും തയ്യാറെടുപ്പുകളോടും കൂടിയാണ് സർക്കാർ നടപ്പിലാക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഉത്തരാധുനിക ലോകം ഉയർത്തുന്ന എല്ലാ പ്രഹേളികകളെയും അഭിസംബോധന ചെയ്യാൻ കഴിയുന്ന വിധത്തിൽ നമ്മുടെ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകരുന്ന വിദ്യാഭ്യാസ സാഹചര്യങ്ങൾ കേരളത്തിൽ സൃഷ്ടിക്കണം എന്ന വലിയ പ്രതിബദ്ധതയോടുകൂടിയാണ് സർക്കാർ മുന്നേറുന്നത്.നാലുവർഷ ബിരുദ പരിപാടിയെക്കുറിച്ചും അതിനായി നടത്തിയ മുന്നൊരുക്കങ്ങളെക്കുറിച്ചും പുതുതലമുറ വിദ്യാർത്ഥികൾക്ക് ഇത് എത്രത്തോളം ഗുണകരമാകും എന്നതിനെക്കുറിച്ചുമൊക്കെ മാധ്യമപ്രവർത്തകരോട് വിശദീകരിക്കാനും അവരുടെ സംശയങ്ങൾ ദൂരീകരിക്കാനും ശില്പശാലയിലായി.

Leave a Reply

Your email address will not be published. Required fields are marked *