മലയാളത്തിന്‍റെ ജ്ഞാനപീഠം എന്നറിയപ്പെടുന്ന വയലാര്‍ അവാര്‍ഡ്, 47-ാം വര്‍ഷം
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട മഹാകവി വയലാര്‍ രാമവര്‍മ്മ, അദ്ദേഹത്തിന്‍റെ 47-ാം വയസ്സില്‍ 1975 ഒക്ടോബര്‍ 27-ാം തീയതി വിടപറഞ്ഞതിനെത്തുടര്‍ന്ന് കവിയുടെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിലേക്കായിട്ടാണ് 1976-ല്‍ ഫണ്ട് കമ്മിറ്റി രൂപീകരിച്ചത്. തുടര്‍ന്ന് ശ്രീ. സി. അച്ചുതമേനോന്‍റെ നേതൃത്വത്തില്‍ ശ്രീ. മലയാറ്റൂര്‍ രാമകൃഷ്ണന്‍, ശ്രീ. എസ്. കെ. നായര്‍ (മലയാള നാട്), ശ്രീ. എ.കെ. ഗോപാലന്‍ (മദ്രാസ് ആശാന്‍ മെമ്മോറിയല്‍), ശ്രീ. ത്രിവിക്രമന്‍ എന്നിവര്‍ മുന്‍കൈയ്യെടുത്ത് രൂപീകരിച്ചതായിരുന്നു വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ്. ശ്രീ. അച്ചുതമേനോന്‍ പ്രസിഡന്‍റും ശ്രീ. കെ.എം. മാത്യു (മലയാള മനോരമ പത്രാധിപര്‍) ഖജാന്‍ജിയും ശ്രീ. സി. ത്രിവിക്രമന്‍ സെക്രട്ടറിയുമായിട്ടാണ് ട്രസ്റ്റിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത്. വയലാറിന്‍റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിനായിട്ടാണ് തുടക്കമിട്ടതെങ്കിലും എക്കാലവും വയലാറിനെ മലയാളികള്‍ ഓര്‍മ്മിക്കുന്നതിനായി വയലാര്‍ രാമവര്‍മ്മയുടെ പേരില്‍ ചേര്‍ത്തലയില്‍ ആശുപത്രിയും സാഹിത്യ ലോകത്തിനുവേണ്ടി സാഹിത്യ അവാര്‍ഡുമാണ് ട്രസ്റ്റ് ഏറ്റെടുത്ത ആദ്യ ദൗത്യം. പല കാരണങ്ങളാല്‍ ചേര്‍ത്തലയിലെ ആശുപത്രി നിര്‍മ്മാണം തുടങ്ങുവാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ സാഹിത്യ അവാര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും അവാര്‍ഡ് നിശ്ചയിക്കുന്നതിന് വ്യക്തമായ നിയമാവലി രൂപീകരിക്കുകയും ചെയ്തു. വായനക്കാരുടെ അഭിപ്രായ വോട്ടിംഗ്, 20 പേരുടെ പ്രാഥമിക പരിശോധനയും, പുസ്തകം തിരഞ്ഞെടുക്കല്‍, മൂന്നുപേരില്‍ കുറയാത്ത ജഡ്ജിംഗ് കമ്മിറ്റി എന്നിങ്ങനെ മൂന്ന് ഘടകങ്ങളിലായി കൃതിയെ തെരഞ്ഞെടുക്കുന്ന രീതിയാണ് നിയമാവലിയില്‍ ഉള്‍പ്പെടുത്തിയത്. മാത്രവുമല്ല അവാര്‍ഡ് പ്രഖ്യാപിക്കുന്ന വര്‍ഷത്തിന്‍റെ തൊട്ടുമുമ്പായിട്ടുള്ള അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഒര്‍ജിനല്‍ ലിറ്ററേച്ചര്‍ ആയിരിക്കണമെന്നും നിയമാവലി നിഷ്കര്‍ഷിക്കുന്നുണ്ട്. മൂന്നു കടമ്പകളും കടന്നു വന്ന കൃതിയായിരുന്നു ശ്രീമതി ലളിതാംബികാ അന്തര്‍ജ്ജനത്തിന്‍റെ അഗ്നിസാക്ഷി.ശ്രീ. സി. അച്ചുതമേനോന്‍, ശ്രീ. കെ. എം. മാത്യു, മലയാറ്റൂര്‍ രാമകൃഷ്ണന്‍, ശ്രീ.റ്റി.വി.തോമസ്, ശ്രീ. എം.കെ. കുമാരന്‍, ശ്രീ. കാമ്പിശ്ശേരി കരുണാകരന്‍, ശ്രീ. എസ്. കെ. നായര്‍, ശ്രീ. എ.കെ. ഗോപാലന്‍, ശ്രീ. ത്രിവിക്രമന്‍ എന്നിവര്‍ അംഗങ്ങളായ ട്രസ്റ്റ് 1977-ല്‍ ആദ്യത്തെ വയലാര്‍ സാഹിത്യ അവാര്‍ഡ് പ്രഖ്യാപിച്ചു. തുടര്‍ന്ന് 1978-ല്‍ ശ്രീ. പി. കെ. ബാലകൃഷ്ണന്‍റെ ഇനി ഞാന്‍ ഉറങ്ങട്ടെ 1979 ല്‍ ശ്രീ. മലയാറ്റൂരിന്‍റെ യന്ത്രം 1980 ല്‍ ശ്രീ. തകഴിയുടെ കയര്‍ 1981 ല്‍ വൈലോപ്പിള്ളിയുടെ മകരകൊയ്ത്ത്ല് 1982 ല്‍ ശ്രീ. ഒ.എന്‍.വിയുടെ ഉപ്പ് 1983 ല്‍ ശ്രീ. എ. കെ. മേനോന്‍റെ (വിലാസിനി) അവകാശികള്‍ 1984 ല്‍ ശ്രീമതി. സുഗതകുമാരിയുടെ അമ്പലമണി 1985 ല്‍ ശ്രീ. എം.ടി. വാസുദേവന്‍നായരുടെ രണ്ടാംമൂഴം എന്നീ കൃതികള്‍ക്കും 2022-ല്‍ 46-ാമതായി എസ്. ഹരീഷിന്‍റെ മീശ എന്ന കൃതിയ്ക്കും അവാര്‍ഡ് പ്രഖ്യാപിച്ചു. മലയാളത്തിന്‍റെ ജ്ഞാന പീഠം എന്നറിയപ്പെടുന്ന വയലാര്‍ സാഹിത്യ അവാര്‍ഡ് 2023 ഒക്ടോബര്‍ 8-ാം തീയതി (ഞായറാഴ്ച) മസ്ക്കറ്റ് ഹോട്ടലില്‍ ഉച്ചയ്ക്ക് 12 മണിക്ക് അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ അതിന്‍റെ ജൈത്രയാത്ര തുടരുകയാണ്.ലോകത്തെ മുഴുവന്‍ മലയാളികളും ഉദ്യോഗാര്‍ത്ഥികളും ഒരോ വര്‍ഷവും കാത്തിരിക്കുന്ന വയലാര്‍ അവാര്‍ഡിന് 47 വര്‍ഷം തികയുകയാണ്. ഇന്ത്യയില്‍ ഇത്രയുമധികം ചരിത്രമുള്ള ജനകീയ അംഗീകാരമുള്ള മറ്റൊരു സാഹിത്യ അവാര്‍ഡ് നിലനില്‍ക്കുന്നില്ലെന്നതാണ് വയലാര്‍ അവാര്‍ഡിന്‍റെ പ്രത്യേകത.