ഹമാസ് ഭീകരാക്രമണത്തിനു പിന്നാലെ ഇസ്രയേലിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Spread the love

ന്യൂഡൽഹി: ഹമാസ് ഭീകരാക്രമണത്തിനു പിന്നാലെ ഇസ്രയേലിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേലിൽ ഭീകരാക്രമണമുണ്ടായെന്ന വാർത്ത ഞെട്ടലുണ്ടാക്കി. ആക്രമണത്തിന് ഇരയായ നിഷ്കളങ്കർക്കും അവരുടെ കുടുംബത്തിനുമൊപ്പമായിരിക്കും നമ്മുടെ പ്രാർഥനകളും ചിന്തകളും. ഈ വിഷമഘട്ടത്തിൽ നാം ഇസ്രയേലിനോട് ഐക്യദാർഢ്യപ്പെടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.ശനിയാഴ്ച അപ്രതീക്ഷിതമായുണ്ടായ ഹമാസ് ആക്രമണത്തിൽ 22 ഇസ്രയേലികളാണ് കൊല്ലപ്പെട്ടത്. അതിനു പിന്നാലെ രാജ്യം ഹമാസിനെതിരേയുള്ള യുദ്ധത്തിലാണെന്ന് പ്രസിഡന്‍റ് ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. ഹമാസിന്‍റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.കരമാർഗവും കടൽമാർഗവും ഹമാസ് പോരാളികൾ ഇസ്രയേലിൽ പ്രവേശിച്ചെന്നാണു വിവരം. സെൻട്രൽ ഗാസയിലും ഗാസ സിറ്റിയിലും സ്ഫോടനങ്ങളുണ്ടായി. ദക്ഷിണ ഇസ്രയേലില്‍ നുഴഞ്ഞുകയറിയ ഹമാസ് പോരാളികൾ വഴിയാത്രക്കാരെ ആക്രമിക്കുന്ന നിരവധി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്ഡെറോത്തില്‍ വീടുകള്‍ ഹമാസ് പോരാളികൾ പിടിച്ചെടുത്തെന്നും ഒഫാകിം നഗരത്തിൽ ഇസ്രയേലികളെ ബന്ദികളാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.സമീപകാലത്തെ ഏറ്റവും വലിയ സംഘർഷമാണ് ശനിയാഴ്ച രാവിലെ ആരംഭിച്ചത്. ഗാസയില്‍ നിന്നും 20 മിനിറ്റിനുള്ളില്‍ 5,000 റോക്കറ്റുകള്‍ തൊടുത്തതായി ഹമാസിന്‍റെ സൈനിക വിഭാഗം നേതാവിന്‍റെ പരസ്യ പ്രസ്താവനയിൽ അറിയിച്ചിരുന്നു. ഇതിനു ശേഷം 2000- തോളം റോക്കറ്റുകൾ ഇസ്രയേൽ വിക്ഷേപിച്ചതായും ഹമാസ് ടിവി റിപ്പോർട്ട് ചെയ്തു. ഇസ്രയേലിലുണ്ടായ ഏറ്റവും വലിയ ഇന്‍റെലിജന്‍സ് വീഴ്ചയാണിതെന്നാണ് വിവരം. ഇസ്രയേലിന്‍റെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ട് ഗാസ തുടർച്ചയായി നടത്തിയ ആക്രമണം ഏകദേശം രണ്ടരമണിക്കൂറോളം നീണ്ടുനിന്നു.

Leave a Reply

Your email address will not be published. Required fields are marked *