അഞ്ച് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും

Spread the love

ന്യൂഡൽഹി: അഞ്ച് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. എന്താണ് കേന്ദ്ര സർക്കാരിന്റെ അടുത്ത നീക്കം എന്നറിയുവാൻ ഉറ്റുനോക്കുകയാണ് രാജ്യം. ‘സംവിധാനസഭ’യോടെയാണ് നടപടികൾ ആരംഭിക്കുക.1946 ഡിസംബർ 9 മുതലുള്ള പാർലമെന്റിന്റെ 75 വർഷത്തെ യാത്രയെക്കുറിച്ചുള്ള ചർച്ചയോടെ പ്രത്യേക സമ്മേളനം ആരംഭിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതിനൊപ്പം ഒരു കരട് അജണ്ടയും സർക്കാർ ഇന്നലെ പുറത്തുവിട്ടിരുന്നു. എന്നാൽ, ഏറെ ചർച്ച ചെയ്യപ്പെട്ട ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ബിൽ ഇക്കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.പ്രത്യേക സമ്മേളനം ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് കേന്ദ്ര സർക്കാർ തിങ്കളാഴ്ച വൈകുന്നേരം സർവകക്ഷിയോഗം വിളിച്ചുചേർത്തിരുന്നു. ഗണേശ ചതുർത്ഥി പ്രമാണിച്ച് സെപ്റ്റംബർ 19 ചൊവ്വാഴ്ച പഴയ പാർലമെന്റ് മന്ദിരത്തിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക് ഔപചാരികമായി മാറുന്നതും പ്രത്യേക സമ്മേളനത്തിൽ കാണാം. പ്രത്യേക സമ്മേളനം സെപ്റ്റംബർ 22നാണ് സമാപിക്കുക.പ്രതിപക്ഷ പാർട്ടികൾ വിമർശനം ഉന്നയിച്ച ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ഇല്ലാതെയുള്ള നാല് സുപ്രധാന ബില്ലുകളാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും നിയമനം സംബന്ധിച്ച ബില്‍ പരിഗണനയ്ക്കും പാസാക്കുന്നതിനുമായി എടുക്കും. കഴിഞ്ഞ മൺസൂൺ സമ്മേളനത്തില്‍ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചിരുന്നു.അതിന് പുറമെ, 2023 ഓഗസ്റ്റ് മൂന്നിന് രാജ്യസഭ പാസാക്കിയ ‘ദി അഡ്വക്കേറ്റ്‌സ് (ഭേദഗതി) ബിൽ, 2023’, ‘ദി പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ഓഫ് പീരിയോഡിക്കൽസ് ബിൽ, 2023’, ‘ദി പോസ്റ്റ് ഓഫീസ് ബിൽ, 2023’ എന്നിവയും ലോക്‌സഭയുടെ പരിഗണനയ്ക്ക് വരും. എന്നാൽ, പ്രത്യേക സമ്മേളനത്തിന്റെ അജണ്ഡ പുറത്തുവന്നതോടെ കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിരുന്നു. ഈ ബില്ലുകൾ നവംബർ മാസത്തിലെ ശീതകാല സമ്മേളനം വരെ കാത്തിരിക്കാമായിരുന്നുവെന്നും പ്രതിപക്ഷ പാർട്ടികൾ വിമർശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *