നിപ വൈറസ് : കോഴിക്കോടിന് ആശ്വാസം പുതിയ കേസുകൾ ഒന്നും സ്ഥിരീകരിച്ചില്ല

Spread the love

നിപയില്‍ കഴിഞ്ഞ ദിവസം പുതിയ പോസിറ്റിവ് കേസുകള്‍ ഒന്നും സ്ഥിരീകരിക്കാത്തത് കോഴിക്കോടിന് ആശ്വാസമായി. നിപ സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 1,177 പേരാണ് ഉള്ളത്. ഇന്നലെ 97 പേരെയാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ വനം വകുപ്പിന്റെ പ്രത്യേക സമിതി രൂപീകരിച്ചതായി മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘം നാളെ ജില്ലയിലെത്തും.രോഗബാധയുള്ളവരുമായി സമ്പര്‍ക്കത്തില്‍ വന്ന അഞ്ച് പേരെ ചെറിയ ലക്ഷണങ്ങളോടെ ഇന്നലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടും. ചികിത്സയിലുള്ള ഒന്‍പത് വയസുകാരന്‍ വെന്റിലേറ്ററില്‍ തുടരുകയാണെങ്കിലും ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. മറ്റുള്ള 3 പേരുടെയും ആരോഗ്യ നില തൃപ്തികരമാണ്. ജില്ലയില്‍ സപ്തംബര്‍ 23 വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി ബേപ്പൂര്‍ തുറമുഖം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ അടക്കുകയും ചെയ്തു. 53 പരിശോധന ഫലങ്ങള്‍ ഇന്നലെ ലഭിച്ചു. നിപ സ്ഥിരീകരിച്ച ചെറുവണ്ണൂര്‍ സ്വദേശിയുടെ സമ്പര്‍ക്കപട്ടികയില്‍ 82 പേരാണ് ഉള്ളത്.ആദ്യം മരണപ്പെട്ട വ്യക്തിയുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്ളവരുടെ എണ്ണം 409 ഉം ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകന്റെ സമ്പര്‍ക്ക പട്ടികയില്‍ 152 പേരുമാണ് ഉള്ളത്. രോഗബാധിതരെ നിരീക്ഷിക്കുന്നതിനായി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ഒരുക്കിയ 75 മുറികളില്‍ 54 എണ്ണം ഒഴിവുണ്ട്. മൂന്ന് ഐ സി യുകളും നാല് വെന്റിലേറ്ററുകളും 14 ഐ സി യു കിടക്കകളും ഒഴിവുള്ളവയില്‍ പെടുന്നു. വടകര ജില്ലാ ആശുപത്രി, നാദാപുരം താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ഏഴ് മുറികള്‍ വീതവും ഒഴിവുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *