ന്യൂനപക്ഷ കമ്മീഷൻ പരാതികൾ തീർപ്പാക്കി
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സംഘടിപ്പിച്ച തിരുവനന്തപുരം ജില്ലാതല സിറ്റിങ്ങിൽ നിരവധി പരാതികൾ തീർപ്പാക്കി.ആശുപത്രി അധികൃതർ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന നെയ്യാറ്റിൻകര സ്വദേശിയുടെ പരാതി പരിഗണിച്ച് പരാതിക്കാരന് രണ്ടാഴ്ചയ്ക്കകം സർട്ടിഫിക്കറ്റ് നൽകാൻ കമ്മിഷൻ ഉത്തരവിട്ടു.വീട്ടിലും പരിസരത്തും രാത്രികാലങ്ങളിലുണ്ടാകുന്ന സാമൂഹ്യവിരുദ്ധശല്യം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വർക്കല സ്വദേശി സമർപ്പിച്ച ഹർജി പരിഗണിച്ച് കമ്മിഷൻ ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ ജില്ലാ പോലിസ് മേധാവിക്കും വർക്കല സ്റ്റേഷൻ ഹൗസ് ഓഫീസർക്കും നേരത്തേ നിർദ്ദേശം നൽകിയിരുന്നു.പ്രസ്തുത നിർദ്ദേശത്തിൻമേൽ പോലിസ് കൈക്കൊണ്ട നടപടികൾ കാരണം സാമൂഹ്യവിരുദ്ധശല്യം അവസാനിച്ചുവെന്ന് പരാതിക്കാരൻ ബോധിപ്പിച്ചതിനെ തുടർന്ന് പരാതി തിർപ്പാക്കി.പള്ളിവേട്ട മുസ്ലിം ജമാ അത്ത് കമ്മിറ്റി വഖഫ് നിയമങ്ങൾ ലംഘിച്ചും ജമാ അത്തിന്റെ ബൈലോ ലംഘിച്ചും പ്രവർത്തിക്കുന്നുവെന്ന പരാതിയിൽ പരാതിക്കാരോടും ജമാ അത്ത് കമ്മിറ്റിക്കാരോടും വിശദീകരണം ആവശ്യപ്പെടുകയും പരാതിക്കാർ ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതാണെന്ന ജമാ അത്ത് കമ്മിറ്റിയുടെ ഉറപ്പിൻമേൽ പരാതി തീർപ്പുകൽപ്പിക്കുകയും ചെയ്തു. കോടതിവിധി ഉണ്ടായിട്ടും അയൽവാസി വഴി തടസ്സപ്പെടുത്തുന്നു എന്ന വർക്കല സ്വദേശിയുടെ പരാതിയിന്മേൽ കോടതിവിധി നടപ്പാക്കാനാവശ്യമായ പോലിസ് സംരക്ഷണം നൽകാൻ ജില്ലാ പോലിസ് മേധാവിക്ക് നിർദ്ദേശം നൽകി പരാതി തിർപ്പാക്കി. സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുപോയ വിദ്യാർത്ഥിയുടെ ഫോൺ സ്കൂൾ അധികൃതർ പിടിച്ചെടുക്കുകയും കുട്ടിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തെന്ന കുട്ടിയുടെ രക്ഷാകർത്താവിന്റെ പരാതിയിൽ ഫോൺ വിട്ടു നൽകിയെന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇതിന്റെ പേരിൽ കുട്ടിയെ പീഡിപ്പിക്കാൻ പാടില്ലെന്ന ഉത്തരവോടെ പരാതി തീർപ്പാക്കി.മറ്റ് പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.