ടൂറിസം മേഖലയിൽ ഇടം നേടിയ പൂവാർ പൊഴിക്കരയിൽ വാട്ടർ ആംബുലൻസ് വേണമെന്ന ആവശ്യം ശക്തമാകുന്നു
നെയ്യാറ്റിൻകര: ടൂറിസം മേഖലയിൽ ഇടം നേടിയ പൂവാർ പൊഴിക്കരയിൽ വാട്ടർ ആംബുലൻസ് വേണമെന്ന ആവശ്യം ശക്തമാകുന്നു. നെയ്യാർ നദി അറബിക്കടലിൽ ലയിക്കുന്നതിന്റെ സംഗമ കേന്ദ്രമാണ് പൂവാറിലെ പൊഴിക്കര. ദിവസവും വിദേശികളും സ്വദേശികളുമായ നൂറ് കണക്കിന് സഞ്ചാരികളാണ് ഇവിടം സന്ദർശിക്കാനെത്തുന്നത്. ബോട്ട് സവാരിയാണ് ഇവിടത്തെ പ്രധാന വിനോദം. ആഴമേറിയതും അപകട സാദ്ധ്യതയുള്ളളതുമാണ് പൊഴിക്കരയിലെ ബ്രേക്ക് വാട്ടറിലൂടെയുള്ള ബോട്ട് സവാരി. പൊഴിമുറിയുന്ന സാഹചര്യങ്ങളിൽ അടിയൊഴുക്ക് ശക്തമാകുന്നതിനാൽ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് അധികൃതർക്ക് അറിവുള്ളതാണ്. സുരക്ഷയൊരുക്കാൻ ടൂറിസം ഡിപ്പാർട്ട്മെന്റിനോ ഗ്രാമപഞ്ചാത്തിനോ പൊലീസ് അധികൃതർക്കോ കഴിയാത്തതും പ്രധാന ആക്ഷേപമാണ്. അപകടത്തിനുശേഷം ശവശരീരങ്ങൾ തപ്പിയെടുക്കലാണ് അധികൃതരുടെ സ്ഥിരം പരിപാടിയെന്നാണ് നാട്ടുകാരുടെ ആക്ഷേപം. എന്നാൽ അപകട സ്ഥലത്തെത്തിപ്പെടാനോ നദിയിലോ ബ്രേക്ക് വാട്ടറിലോ അടിയന്തര ഇടപെടൽ നടത്താനോ കഴിയാത്തത് പൂവാറിൽ വാട്ടർ ആംബുലൻസ് ഇല്ലാത്തതിനാലാണെന്നാണ് അധികൃതരും വ്യക്തമാക്കുന്നത്.പൂവാറിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവർ മണിക്കൂറുകൾ നീളുന്ന ബോട്ട് സവാരിയിൽ ഏർപ്പെടുന്നതാണ് പ്രധാന വിനോദം. കോവളം കഴിഞ്ഞാൽ ടൂറിസ്റ്റുകൾ തമിഴ്‌നാട്ടിലേക്ക് പോകുന്നതിന് മുൻപുള്ള ഇടത്താവളമാണ് പൂവാർ പൊഴിക്കര. സഹ്യപർവതസാനുക്കളിൽ നിന്നുത്ഭവിച്ച് 56കിലോമീറ്റർ ദൂരം സഞ്ചരിച്ച് നെയ്യാർ നദി അറബിക്കടലിൽ ലയിക്കുന്നതിവിടെയാണ്. നെയ്യാർനദി ഇവിടെ എത്തുന്നതോടെ പൂവാർ ആകുന്നത് നാടിന്റെ ചരിത്രം. സ്വർണ തൂമ്പയാൽ നിർമ്മിക്കപ്പെട്ട ചരിത്ര പ്രസിദ്ധമായ അനന്ത വിക്ടോറിയ മാർത്താണ്ഡവർമ്മ (എ.വി.എം) കനാൽ തമിഴ്നാട്ടിലേക്ക് കടക്കുന്നതും ഇവിടെ തൊട്ടുരുമ്മിയാണ്. പൂവാർ, കുളത്തൂർ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി വേർതിരിക്കുന്നതും നെയ്യാർ നദിയാണ്. പൊഴിമുറിയുന്ന പൊഴിയൂരിലെ കുരിശടിയും നദിയിലെ വെള്ളത്തിന് നടുവിൽ ഉയർന്ന് നിൽക്കുന്ന എലിഫന്റ് റോക്കും മനോഹരമായി അലങ്കരിച്ച ഫ്ളോട്ടിംഗ് റസ്റ്റോറന്റുകളും സഞ്ചാരികളിൽ കൗതുക മുണർത്തുന്നതാണ്. നെയ്യാർ നദിയിലൂടെയും എ.വി.എം കനാലിലൂടെയും ചുറ്റുമുള്ള വിശാലമായ കണ്ടൽക്കാടുകൾക്കിടയിലൂടെയുള്ള ബോട്ട് സവാരി ടൂറിസ്റ്റുകൾക്ക് മറക്കാനാവാത്തതാണ്. ഇവയെല്ലാമാണ് ചുരുങ്ങിയ കാലംകൊണ്ട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായി മാറാൻ പൂവാറിനെ പ്രാപ്തമാക്കിയത്. നദീതീരത്തെ തുരുത്തുകളിൽ അനധികൃതമായി പ്രവർത്തിക്കുന്ന റിസോർട്ടുകൾ കേന്ദ്രീകരിച്ചാണ് ലഹരിപ്പാർട്ടികൾ അരങ്ങേറുന്നത്. ലഹരി വസ്തുക്കളുടെ വിപണനം ഇവിടങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്നത് അധികൃതർക്ക് അറിവുള്ളതാണ്. എന്നാൽ പൊലീസിനോ എക്സൈസിനോ സമയബന്ധിത മായി എത്തിപ്പെടാൻ കഴിയാറില്ല. അപകടങ്ങളിൽ പെടുന്നവർക്ക് അടിയന്തര സഹായമൊരുക്കാനും ലഹരിമാഫിയകളുടെ കടന്നുകയറ്റം ചെറുക്കാനും പൂവാറിൽ വാട്ടർ ആംബുലൻസ് അനിവാര്യമെെന്നുള്ളതാണ് നാട്ടുകാരുടെയും സഞ്ചാരികളുടെയും ആവശൃം.