130 കോടി രൂപ വില വരുന്ന ഡൊമൈൻ സ്വന്തമാക്കി; ടെക് ലോകത്തെ ചർച്ചയായി ഓപ്പണ്‍ എഐയുടെ പുതിയ നീക്കം
ഒരു വെബ് ഡൊമൈന്റെ വില്‍പ്പനയാണ് ഇപ്പോള്‍ ടെക് ലോകത്തെ പുതിയ ചര്‍ച്ച. ഹബ് സ്‌പോട്ട് സഹസ്ഥാപകനുമായ ധര്‍മേഷ് ഷായുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഈ ഡൊമൈന്‍ വാങ്ങിയത് ചില്ലറക്കാരൊന്നുമല്ല ഓപ്പണ്‍ എഐയാണെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ. വില്‍പ്പനയെ കുറിച്ച് ധര്‍മേഷ് ഷാ സ്ഥിരീകരിക്കുകയും ചെയ്തു.
ചാറ്റ് ഡോട്ട് കോം എന്ന വെബ് ഡൊമൈനാണ് ഓപ്പണ്‍ എഐ ധർമേഷ് ഷായിൽ നിന്ന് സ്വന്തമാക്കിയിരിക്കുന്നത്. ഓപ്പണ്‍ എഐ സി.ഇ.ഒ സാം ആള്‍ട്മാന്‍ എക്‌സില്‍ കഴിഞ്ഞ ദിവസം ചാറ്റ് ഡോട്ട് കോം എന്ന് മാത്രം കുറിച്ചിരുന്നു. പിന്നാലെയാണ് ധര്‍മേഷ് ഷാ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
2023 ലാണ് ചാറ്റ് ഡോട്ട് കോം എന്ന ഡൊമൈന്‍ 130 കോടി രൂപക്ക് ( 15 മില്യണ്‍ ഡോളര്‍) ധര്‍മേഷ് ഷാ വാങ്ങിയത്. അതിനേക്കാള്‍ ഉയര്‍ന്ന വിലക്ക് കുറച്ചുനാളുകൾക്ക് ശേഷം ഡൊമൈൻ വിറ്റുപോയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോൾ സാം ആള്‍ട്മാന്‍ വെളിപ്പെടുത്തൽ നടത്തിയതോടെയാണ് അഭ്യൂഹങ്ങൾക്ക് വിരാമമായത്.
ചാറ്റ് ഡോട്ട് കോമിന് ധര്‍മേഷ് ഷാ സാം ആള്‍ട്മാന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയിട്ടില്ല. പകരം ഒപ്പൺ എഐയുടെ ഓഹരികൾ സ്വന്തമാക്കി. ”ചങ്ങാതിമാര്‍ തമ്മിലുള്ള ഇടപാടുകളില്‍ സാമ്പത്തിക ലാഭം നോക്കുന്നത് ശരിയല്ല. മാത്രമല്ല, ഓപ്പണ്‍ എഐയുടെ ഉടമായാകാന്‍ ഞാന്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുമുണ്ട്. സാം ആള്‍ട്മാന്‍ ഓപ്പണ്‍ എഐ തുടങ്ങുന്നതിന് മുമ്പ് തന്നെ ഞങ്ങള്‍ സുഹൃത്തുക്കളാണ്.” എന്നാണ് ധര്‍മേഷ് ഷാ പറഞ്ഞത്.