ജി 20ഉച്ചകോടിയിൽ നിന്നും ചൈനീസ് പ്രസിഡന്റ് വിട്ടുനിൽക്കുന്നതിൽ നിരാശ പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ നിന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് വിട്ടുനില്‍ക്കുന്നതില്‍ നിരാശ പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ജിന്‍പിങ് പങ്കെടുക്കാത്തത് ഏറെ നിരാശാജനകമാണ്. എന്നാല്‍ അദ്ദേഹത്തെ കാണുമെന്നും ബൈഡന്‍ പറഞ്ഞു.ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്ത്യയിലേക്ക് യാത്ര തിരിക്കാന്‍ കാത്തിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് സന്ദര്‍ശനത്തെ കാണുന്നത്. ഉച്ചകോടിക്കായി ഈ മാസം ഏഴിന് ഇന്ത്യയിലെത്തുന്ന യുഎസ് പ്രസിഡന്റ്, എട്ടാം തീയതി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.ഈ മാസം 9, 10 തീയതികളിലാണ് ഡല്‍ഹിയില്‍ വെച്ച് ജി 20 ഉച്ചകോടി നടക്കുന്നത്. ഷി ജിന്‍പിങ്ങിന് പുറമെ, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ല. ജിന്‍പിങ്ങിന് പകരം പ്രധാനമന്ത്രി ലി ക്വിയാങ് ജി 20 യില്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന.അമേരിക്കന്‍ പ്രസിഡന്റിന് പുറമെ, ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷാള്‍സ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ തുടങ്ങിയവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.