ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്ന ഭീകരരുടെ എണ്ണത്തിൽ വൻ കുറവെന്ന് : കേന്ദ്രസർക്കാർ
ജമ്മു കാശ്മീർ അടക്കമുള്ള അതിർത്തി പ്രദേശങ്ങളിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്ന ഭീകരരുടെ എണ്ണത്തിൽ വൻ കുറവ്. നിലവിൽ, വിവിധ സേനകളുടെ നേതൃത്വത്തിൽ അതിർത്തി പ്രദേശങ്ങളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുളളത്. ഈ വർഷം ജൂൺ അവസാനം വരെ ഭീകരരുടെ നുഴഞ്ഞുകയറ്റം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ വ്യക്തമാക്കി. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നുഴഞ്ഞുകയറ്റം ശ്രമങ്ങളിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്.നുഴഞ്ഞുകയറ്റങ്ങളുടെ എണ്ണം കുറഞ്ഞത് ആശ്വാസം പകരുമെങ്കിലും, ഭീകര പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. നിലവിൽ, ഭീകരരെ നേരിട്ട് ഉപയോഗിച്ചുള്ള നുഴഞ്ഞുകയറ്റത്തിന് പകരം, ആധുനിക സംവിധാനങ്ങളോടുകൂടിയുള്ള ഡ്രോണുകളാണ് പാകിസ്ഥാൻ ഉപയോഗിക്കുന്നത്. ജമ്മു കാശ്മീർ, പഞ്ചാബ് എന്നീ അതിർത്തി വഴിയാണ് ഡ്രോണുകൾ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത്. കഴിഞ്ഞ 3 വർഷത്തിനിടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി എത്തിയ 53 ഡ്രോണുകളെ ഇന്ത്യൻ സേന വെടിവെച്ച് വീഴ്ത്തിയിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗം ഡ്രോണുകളും ആയുധങ്ങൾ, ലഹരികൾ എന്നിവയാണ് കടത്തുന്നത്.