ശാന്തൻപാറ ചിന്നക്കനാലിൽ പോലിസുകാര്‍ക്കെതിരെ ആക്രമണം
കായംകുളത്ത് വ്യാപാരിയെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച കേസിലെ പ്രതികളെ പിന്തുടര്‍ന്ന് എത്തിയ കായംകുളം പോലിസിന് നേരെയാണ് ആക്രമണം ഉണ്ടായത്. നാല് പ്രതികള്‍ അറസ്റ്റില്‍ വ്യാപാരിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതികള്‍, മൂന്നാര്‍ മേഖലയില്‍ ഒളിവില്‍ കഴിയുന്നതായി മനസിലാക്കിയ, കായംകുളം പോലിസ് ഇവരെ പിടികൂടുന്നതിനായി മൂന്നാറില്‍ എത്തുകയായിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെ ചിന്നക്കനാല്‍ പവര്‍ ഹൗസിന് സമീപത്ത് വെച്ച്, പ്രതികളെ കണ്ടെത്തുകയും പിടികൂടുകയും ചെയ്തു. പോലിസ് വാഹനത്തിലേയ്ക്ക് പ്രതികളെ കയറ്റാന്‍ ശ്രമിയ്ക്കുന്നതിനിടെ സംഘം ആക്രമണം നടത്തുകയായിരുന്നു. സിപിഓ ദീപക്കിനെ കുത്തി പരുക്കേല്‍പ്പിച്ച ശേഷം, വാഹനത്തില്‍ കയറി പ്രതികള്‍ രക്ഷപെടുകയായിരുന്നു. ദീപക്കിന്റെ കഴുത്തില്‍ അടക്കം നാല് കുത്തേറ്റു. ഉടന്‍ തന്നെ മൂന്നാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദീപക് അപകട നില തരണം ചെയ്തു. അഞ്ചംഗ പോലിസ് സംഘത്തില്‍ ഉണ്ടായിരുന്ന മറ്റൊരു പോലിസുകാരനും നിസാര പരുക്കേറ്റു. സംഭവം നടന്ന ഉടനെ, കായംകുളം പോലിസ്, സമീപ പോലിസ് സ്‌റ്റേഷനായ ശാന്തന്‍പാറയില്‍ വിവരം അറിയ്ക്കുകയുകയായിരുന്നു. തുടര്‍ന്ന് മൂന്നാര്‍, ശാ്ന്തന്‍പാറ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ ആരംഭിച്ചു. രണ്ട് വാഹനത്തിലായി ഒന്‍പതോളം വരുന്ന സംഘമാണ്, പോലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ഇവര്‍ പുലര്‍ച്ചെ കൊളുക്കുമല, റോഡിന് സമീപത്ത് കൂടി പോകുന്നതായി ശ്രദ്ധയില്‍പെട്ട പോലിസ് പിന്നീട് ഈ മേഖലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. വാഹനം ഉപേക്ഷിച്ച് മലമുകളിലൂടെ നീങ്ങുകയായിരുന്ന സംഘത്തിലെ നാല് പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഷമീര്‍, മുനീര്‍, ഫിറോസ്ഖാന്‍, ഹാഷിം എന്നിവരെയാണ് പിടികൂടിയത്. ബാക്കിയുള്ള പ്രതികള്‍ക്കായി, തമിഴ് നാട് അതിര്‍ത്തി മേഖല ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ പോലിസ് തെരച്ചില്‍ തുടരുകയാണ്.