ഇരിട്ടി – ആറളം റോഡിലെ തോട്ടുകടവ് പാലം അപകടാവസ്ഥയിൽ
ഇരിട്ടി: ഇരിട്ടി – ആറളം റോഡിലെ തോട്ടുകടവ് പാലം അപകടാവസ്ഥയിൽ. നിരവധി വാഹനങ്ങൾ നിത്യവും കടന്നു പോകുന്ന പാലത്തിൻറെ അടിഭാഗത്തെ കരിങ്കൽ ഭിത്തികൾ ഇരു ഭാഗത്തും തകർന്ന നിലയിലാണ്. പാലത്തിനു മുകളിലൂടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ ഏതു നിമിഷവും പാലം തകർന്നു വീഴാൻ സാധ്യതഏറെയാണ്.കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ്, സ്‌കൂൾ ബസ്സുകൾ ഉൾപ്പെടെ ഈ തകർന്ന പാലത്തിനു മുകളിലൂടെയാണ് നിത്യവും കടന്നു പോകുന്നത്. പാലത്തിൻറെ ഒരു ഭാഗത്തെ കൈവരിയും ഏറെ നാളായി തകർന്നു കിടക്കുകയാണ്. അതിനാൽ തന്നെ ഇതുവഴി കാൽനട യാത്ര ചെയ്യുന്നവരും ഒരു വാഹനം വരുമ്പോൾ അരിക് മാറി നിന്നാൽ തോട്ടിലേക്ക് വീഴാവുന്ന നിലയിലാണ്.പുതിയ പാലം നിർമ്മിക്കാൻ തുക അനുവദിച്ചതായുള്ള ഫ്ലക്സ് ബോർഡുകൾ നാട്ടിൽ നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇതിനു ശേഷം മാസങ്ങൾ കഴിഞ്ഞിട്ടും പാലം പുനർ നിർമ്മിക്കാനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. വലിയ ഒരു അപകടം ഉണ്ടാകുന്നതു വരെ കാത്തുനിൽക്കാതെ ഇതിനുള്ള നടപടികൾ ഉടൻ ആരംഭിക്കാൻ അധികൃതർ തയ്യാറാവണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.