കര്‍ണാടക ബിജെപിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരസ്യമായ പൊട്ടിത്തെറിയിലേക്ക്
കര്‍ണാടക ബിജെപിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരസ്യമായ പൊട്ടിത്തെറിയിലേക്ക്. കേന്ദ്ര രാസവളം മന്ത്രി ഭഗവന്ത് ഖൂബയ്‌ക്കെതിരേ 200 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കുമെന്ന് വ്യക്തമാക്കി ബിജെപി എംഎല്‍എ പ്രഭു ചവാന്‍ രംഗത്തുവന്നു. പാര്‍ട്ടിയുടെ കേന്ദ്രമന്ത്രിയും എംഎല്‍എയും നേരിട്ട് ഏറ്റുമുട്ടുന്നത് ബിജെപിയില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.ബീദര്‍ ലോക്സഭാ മണ്ഡലത്തില്‍ ബിജെപിക്കെതിരേ ചവാന്‍ കോണ്‍ഗ്രസ് നേതാക്കളുമായി ഒത്തുകളിക്കുകയാണെന്ന് ഭഗവന്ത് ഖൂബ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഭഗവന്ത് ഖൂബയുടെ സിറ്റിങ് മണ്ഡലമാണ് ബീദര്‍. അടുത്തതവണയും അദ്ദേഹം ഇവിടെനിന്ന് ജനവിധിതേടാനുള്ള ഒരുക്കത്തിലാണ്. ഇതിന് തടയിടാനുള്ള ശ്രമത്തിലാണ് പ്രഭു ചവാന്‍.ബീദര്‍ ലോക്സഭാ മണ്ഡലത്തില്‍പ്പെട്ട ഔറാദ് നിയമസഭാ മണ്ഡലത്തിന്റെ എംഎല്‍എയായ പ്രഭു ചവാനും ഭഗവന്ത് ഖൂബയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയിട്ട് മാസങ്ങളായിരുന്നു.ഔറാദില്‍നിന്നുതന്നെ ഇല്ലാതാക്കാന്‍ ഖൂബ ശ്രമിക്കുകയാണെന്നാണ് ചവാന്റെ ആരോപണം. വാടകഗുണ്ടകളെവിട്ട് തന്നെ വകവരുത്താന്‍ മന്ത്രി ശ്രമിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.ഇതിനെതിരേ നൂറുകോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് ഖൂബ കഴിഞ്ഞദിവസം വ്യക്തമാക്കി. പകരമായാണ് ചവാന്‍ ഇപ്പോള്‍ മറുപടി പറഞ്ഞിരിക്കുന്നത്. ബീദറില്‍ ഖൂബയെ മാറ്റി സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനെ അടുത്ത തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈയാവശ്യം പാര്‍ട്ടി നേതൃത്വം അംഗീകരിച്ചില്ലെങ്കില്‍ മാനനഷ്ടക്കേസുമായി മുന്നോട്ടുപോകുമെന്നും ചവാന്‍ പറഞ്ഞു.