കരുതല്‍ അരികിലെത്തും; അതിയന്നൂര്‍ ബ്ലോക്കിന്റെ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു

Spread the love

ഗ്രാമപ്രദേശങ്ങളിലെ സാധാരണ ജനങ്ങളുടെ അരികിലേക്ക് ആശുപത്രി സേവനവും രോഗനിര്‍ണയ പരിശോധനാ സൗകര്യവും ഡോക്ടറുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനവും എത്തിക്കുക എന്ന ലക്ഷ്യത്തോടെ അതിയന്നൂര്‍ ബ്ലോക്ക് ആരംഭിച്ച മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്, സഞ്ചരിക്കുന്ന ആശുപത്രി കെ. ആന്‍സലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആരോഗ്യമേഖലയുടെ വികസനക്കുതിപ്പിന് മുതല്‍ക്കൂട്ടാണ് സഞ്ചരിക്കുന്ന ആശുപത്രി പദ്ധതിയെന്ന് എം.എല്‍.എ പറഞ്ഞു. അതിയന്നൂര്‍ ബ്ലോക്കില്‍ ഉള്‍പ്പെട്ട അതിയന്നൂര്‍, കാഞ്ഞിരംകുളം, കരുംകുളം, കോട്ടുകാല്‍, വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തുകളിലായി ഒരു പഞ്ചായത്തില്‍ അഞ്ചുദിവസം എന്ന രീതിയില്‍ മൊബൈല്‍ യൂണിറ്റ് സേവനം ജനങ്ങളിലേക്കെത്തും. ഇതിനായി കൃത്യമായ സമയക്രമ പട്ടിക തയ്യാറാക്കും.മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് സേവനം തങ്ങളുടെ പ്രദേശത്ത് ഏത് ദിവസങ്ങളില്‍ ലഭ്യമാകും എന്ന വിവരം ആശ വര്‍ക്കര്‍മാര്‍ വഴി ജനങ്ങളെ അറിയിക്കും.മൊബൈല്‍ യൂണിറ്റിലെത്തുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നടപടികള്‍ കഴിഞ്ഞാലുടന്‍ ഡോക്ടറെ സന്ദര്‍ശിച്ച് ചികിത്സ തേടാവുന്നതാണ്. ഇത് തികച്ചും സൗജന്യമാണ്. ശേഷം പരിശോധനകള്‍ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ചെയ്യാം. ജീവിതശൈലി രോഗനിര്‍ണയ പരിശോധനകള്‍, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധി പരിശോധന, രക്ത പരിശോധനകള്‍, ലിവര്‍ ഫംഗ്ഷന്‍ ടെസ്റ്റ്, ഇ.സി.ജി തുടങ്ങി വിവിധ പരിശോധനകള്‍ ഇവിടെ ചെയ്യാന്‍ സാധിക്കും. ഇ.സി.ജി പരിശോധനയ്ക്കായി കിടക്കാന്‍ ബെഡും സജ്ജീകരിച്ചിട്ടുണ്ട്. പരിശോധനാ ഫലം രോഗിയുടെ വാട്‌സാപ്പില്‍ അയച്ചു നല്‍കും. അത്യാവശ്യഘട്ടങ്ങളില്‍ മുറിവുകള്‍ കെട്ടി കൊടുക്കാനുള്ള സൗകര്യവും ഉണ്ട്. സഞ്ചരിക്കുന്ന ആശുപത്രിയില്‍ പ്രവേശിക്കാന്‍ കാത്തുനില്‍ക്കുന്ന രോഗികള്‍ക്ക് തണലേകാന്‍ ഷാമിയാന സൗകര്യവും വണ്ടിയില്‍ ഒരുക്കിയിട്ടുണ്ട്. ഒരു ഡോക്ടര്‍, നഴ്‌സ്, ലാബ് അസിസ്റ്റന്റ് എന്നിവരാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റില്‍ ഉണ്ടാകുക.അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2022-23 സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ നിന്നും 44 ലക്ഷം രൂപ ചെലവഴിച്ചാണ് സഞ്ചരിക്കുന്ന ആശുപത്രി തയ്യാറാക്കിയത്. കൂടാതെ ജനസമ്പര്‍ക്ക റാലി സംഘടിപ്പിച്ച് സഞ്ചരിക്കുന്ന ആശുപത്രി കാണാനും പരിചയപ്പെടാനും അവസരമൊരുക്കും.ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് എം. വി. മന്‍മോഹന്‍ അധ്യക്ഷനായി. വിവിധ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിഷ്ണു പ്രശാന്ത്, വൈസ് പ്രസിഡന്റ് സുനിത റാണി ബി. ബി, സെക്രട്ടറി അജയഘോഷ്, വിവിധ സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *