താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി
താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. തിരൂരങ്ങാടി മൂഴിക്കൽ മമ്പുറം മാളിയേക്കൽ വീട്ടിൽ താമിർ ജിഫ്രി പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിലാണ് അടിയന്തര പ്രമേയ നോട്ടീസ്. എൻ ഷംസുദ്ദീനാണ് നോട്ടീസ് നൽകിയത്. ഒരു കാലത്തും കേരളാ പോലീസ് ഇതുപോലെ ക്രിമിനൽവത്കരിക്കപ്പെട്ടിട്ടില്ലെന്ന് ഷംസുദ്ദീൻ പറഞ്ഞു.പോലീസ് അതിക്രമങ്ങൾ തുടർക്കഥയാകുകയാണ്. താമിറിന്റേത് കസ്റ്റഡി മരണമാണ്. പോലീസ് ക്വാർട്ടേഴ്‌സിലെ കട്ടിലിൽ രക്തക്കറ കണ്ടു. താമിറിന്റെ അറസ്റ്റ് മലപ്പുറം എസ് പിയുടെ തിരക്കഥയാണ്. ദേഹത്ത് 21 മുറിവുകളുണ്ടെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മൃതദേഹം ഫ്രീസറിൽ വെക്കാനുള്ള മാന്യത പോലും പോലീസ് കാണിച്ചില്ല. പോലീസ് താമിറിന്റെ മലദ്വാരത്തിൽ കൂടി ലാത്തി കയറ്റിയെന്നും ഷംസുദ്ദീൻ ആരോപിച്ചു.എന്നാൽ എംഡിഎംഎ കണ്ടെടുത്തതിന്റെ അടിസ്ഥാനത്തിലാണ് താമിർ അടക്കം അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എട്ട് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. നിലവിൽ അന്വേഷണം സിബിഐക്ക് കൈമാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.