കൊല്ലം കളക്ടറേറ്റ് സ്ഫോടനക്കേസിലെ പ്രതികൾ അക്രമാസക്തരായി കോടതിയുടെ ജനൽച്ചില്ല് തകർത്തു
കൊല്ലം: കൊല്ലം കളക്ടറേറ്റ് സ്ഫോടനക്കേസിലെ പ്രതികൾ അക്രമാസക്തരായി കോടതിയുടെ ജനൽച്ചില്ല് തകർത്തു. വിചാരണയ്ക്കായി പ്രതികളെ കൊല്ലം സെഷൻസ് കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു അക്രമം. പ്രതികളായ അബ്ബാസ് അലി, ഷംസൂൻ കരീം രാജ, ദാവൂദ് സുലൈമാൻ, ഷംസുദ്ദീൻ എന്നീ ബേസ്മൂവ്മെൻ്റ് പ്രവർത്തകരാണ് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് അക്രമാസക്തരായത്.കൊല്ലം കളക്ടറേറ്റ് സ്ഫോടനക്കേസിലെ പ്രതികളായ നാലു ബേസ്മൂവ്മെൻ്റ് പ്രവർത്തകരെയാണ് കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന കൊല്ലം സെഷൻസ് കോടതിയിൽ ഹാജരാക്കിയത്. പ്രതികളെ ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിൽനിന്നാണ് കൊല്ലത്തേക്ക് എത്തിച്ചത്.വിചാരണാ നടപടികൾ പൂർത്തിയാക്കി പ്രതികളെ തിരുവനന്തപുരം പൂജപ്പുര ജയിലിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ ജഡ്ജി നടത്തുമ്പോഴാണ് പ്രതികൾ അക്രമാസക്തരായത്. കോടതിക്ക് പുറത്ത് ബെഞ്ചിൽ ഇരിക്കുകയായിരുന്ന പ്രതികൾ ജഡ്ജിയെ കാണണമെന്ന് ആവശ്യപ്പെടുകയും പോലീസ് തടഞ്ഞതോടെ തൊട്ടുപിറകിലെ ജനൽച്ചില്ല് കൈവിലങ്ങ് കൊണ്ട് തകർക്കുകയുമായിരുന്നു.