സഹകരണ ഓണംവിപണി ഉദ്ഘാടനം ഇന്ന്മുഖ്യമന്ത്രി നിര്‍വ്വഹിക്കും

Spread the love

തിരുവനന്തപുരം : ഓണക്കാല വിലകയറ്റത്തിന് തടയിടാന്‍ സഹകരണ വകുപ്പിന്റെ ഓണം വിപണികള്‍ ആരംഭിക്കുന്നു. ഇന്ന് മുതല്‍ പത്ത് ദിവസത്തേക്ക് ഓണം വിപണികള്‍ പ്രവര്‍ത്തിക്കുക. 1800 ഓണചന്തകളാണ് ഇക്കുറി ഉണ്ടാവുക. വിപണിയുടെ സംസ്ഥാനതല ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും വൈകിട്ട് 5.30-ന് നടക്കുന്ന ചടങ്ങില്‍ സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അദ്ധ്യക്ഷനായിരിക്കും.കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തിലാണ് സഹകരണ ഓണചന്തകള്‍ പ്രവര്‍ത്തിക്കുക. കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ജില്ലാ മൊത്തവ്യാപാര സഹകരണ സ്റ്റോറുകള്‍, പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍, പിന്നോക്ക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എസ്.സി-എസ്.റ്റി സംഘങ്ങള്‍, ഫിഷര്‍മാന്‍ സഹകരണ സംഘങ്ങള്‍ എന്നിവ മുഖേന ആരംഭിക്കുന്ന 1800 പ്രത്യേക വിപണന കേന്ദ്രങ്ങളിലൂടെ ആഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 04 വരെ തുടര്‍ച്ചയായി 10 ദിവസം ഈ ഓണവിപണികള്‍ പ്രവര്‍ത്തിക്കും.13 ഇനം നിത്യോപയോഗ സാധനങ്ങളായ ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവര പരിപ്പ്, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവ സര്‍ക്കാര്‍ സബ്‌സിഡിയോട് കൂടി സപ്ലൈക്കോ നല്‍കുന്ന സബ്‌സിഡി നിരക്കില്‍ വില്‍പ്പന നടത്തി ഓണക്കാലത്ത് ഉണ്ടാകുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിനുവേണ്ടി ശക്തമായ വിപണി ഇടപെടലാണ് സംസ്ഥാന സഹകരണ വകുപ്പ് കണ്‍സ്യൂമര്‍ഫെഡ് മുഖേന നടപ്പിലാക്കുന്നത്. കണ്‍സ്യൂമര്‍ഫെഡ് 200 കോടി രൂപയുടെ സബ്‌സിഡി ഇനങ്ങളുടെ വില്‍പനയും, 200 കോടി രൂപയുടെ നോണ്‍ സബ്‌സിഡി സാധനങ്ങളുടെ വില്‍പനയും ഉള്‍പ്പെടെ 400 കോടി രൂപയുടെ വില്‍പ്പനയാണ് ഈ ഓണക്കാലത്ത് ലക്ഷ്യമിട്ടിരിക്കുന്നത്.ഒരു ഉപഭോക്താവിന് ആവശ്യമുള്ള മുഴുവന്‍ സാധനങ്ങളും നല്‍കാന്‍ കഴിയുന്ന വിപണന കേന്ദ്രങ്ങളായി ഓണവിപണികളെ മാറ്റുന്നതിന് ആവശ്യമായ എല്ലാ സാധനങ്ങളും ലഭ്യമാക്കുന്നതിനുവേണ്ട നടപടികള്‍ കണ്‍സ്യൂമര്‍ഫെഡ് സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റ സബ്‌സിഡിയോടെ നല്‍കുന്ന 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ വിപണികളില്‍ റേഷന്‍ കാര്‍ഡ് മുഖേന വില്‍പ്പന നടത്തുവാനാണ് തീരുമാനിച്ചിട്ടുള്ളത്. പൊതു മാര്‍ക്കറ്റിനേക്കാള്‍ ഏകദേശം 30% മുതല്‍ 50% വരെ വിലക്കുറവില്‍ സര്‍ക്കാര്‍ സബ്‌സിഡിയോടു കൂടി വില്‍പന നടത്തുന്ന 13 ഇനങ്ങളോടൊപ്പം സര്‍ക്കാര്‍ സബ്‌സിഡി ഇല്ലാതെ പൊതുമാര്‍ക്കറ്റിനേക്കാള്‍ 10% മുതല്‍ 40% വരെ വിലക്കുറവോടുകൂടി മറ്റ് നിത്യോപയോഗ സാധനങ്ങളും ലഭിക്കും.ഓണത്തിനു തൊട്ടുമുന്‍പുള്ള ഇടപെടലിന്റെ ഭാഗമായി വിപണിയില്‍ രണ്ട് തരത്തിലുള്ള ഗുണഫലങ്ങളാണ് ലക്ഷ്യമാക്കുന്നത്. ഒന്ന് ”സാമ്പത്തികവും’ മറ്റൊന്ന് ‘സാമൂഹികവും.’ സര്‍ക്കാര്‍ സഹായത്തോടുകൂടി സഹകരണ വകുപ്പിന്റെ നേത്യത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് മുഖേന ആരംഭിക്കുന്ന ഓണവിപണന കേന്ദ്രങ്ങളില്‍ നിന്നും അരിയും മറ്റ് നിത്യോപയോഗ സാധനങ്ങളും വാങ്ങുമ്പോള്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് പ്രത്യക്ഷത്തില്‍ ഉണ്ടാകുന്ന സാമ്പത്തിക നേട്ടം ഏകദേശം 100 കോടി രൂപയാണ്. ഈ വിപണി ഇടപെടലിന്റെ പൊതുവിപണിയില്‍ 10% മുതല്‍ 50% വരെ വിലകുറയ്ക്കുവാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതരാകുന്നതു വഴി 100 കോടി രൂപയുടെ പരോക്ഷമായ വിലക്കുറവും ഉണ്ടാകും.സര്‍ക്കാര്‍ സബ്‌സിഡിയോടെ വില്‍പ്പന നടത്തുന്ന സമാനമായ 13 ഇനം സാധനങ്ങള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റേതിനു സമാനമായ വിലയ്ക്ക് തന്നെ വില്‍ക്കുന്നതിനാണ് അനുമതി ലഭിച്ചിട്ടുള്ളത്. ഒരു കിലോയ്ക്ക് വ്യത്യസ്ത ഇനങ്ങളായ അരി ജയ 33/-രൂപ, കുറുവ 33/-രൂപ, കുത്തരി 33/-രൂപ, പച്ചരി 29/-രൂപ, പഞ്ചസാര 34.65/-രൂപ, വെളിച്ചെണ്ണ 1 ലിറ്റര്‍ (സബ്‌സിഡി 1/2 ലിറ്റര്‍ + നോണ്‍ സബ്‌സിഡി 1/2 ലിറ്റര്‍) 349/- രൂപ, ചെറുപയര്‍ 90/- രൂപ, വന്‍കടല 65/- രൂപ, ഉഴുന്ന് ബോള്‍ 90/- രൂപ, വന്‍പയര്‍ 70/- രൂപ, തുവരപരിപ്പ് 93/- രൂപ, മുളക് ഗുണ്ടൂര്‍ 115.50/- രൂപ, മല്ലി (500gm) 40.95/- രൂപ എന്നിവയും, മറ്റ് നോണ്‍ സബ്‌സിഡി സാധനങ്ങള്‍ 10% മുതല്‍ 40% പൊതുവിപണിയേക്കാള്‍ വിലകുറച്ച് ഗുണനിലവാരം ഉറപ്പാക്കി നടത്തുന്നതോടൊപ്പം സേമിയ, പാലട, അരിയട, ചുമന്നുള്ളി, സാവാള, ഉരുളക്കിഴങ്ങ്, കറിപ്പൊടികള്‍, അരിപ്പൊടികള്‍, തേയില എന്നിവയും ഓരോ പ്രദേശത്തെയും ആവശ്യകതയ്ക്ക് അനുസരിച്ച് പ്രത്യേകം വിലക്കുറവില്‍ ലഭ്യമാകും.കേരളത്തിലെ സഹകരണ സ്ഥാപനങ്ങള്‍ നേരിട്ട് ഉത്പാദിപ്പിക്കുന്ന ഏകദേശം 50 കോടി രൂപയുടെ വെളിച്ചെണ്ണ അവയുടെ ഗുണനിലവാരം ഉറപ്പാക്കി ഓണ വിപണികളില്‍ എത്തിച്ചിട്ടുണ്ട്.ഗോഡൗണില്‍ സഹകരണ സംഘങ്ങളില്‍ വന്ന് കാത്ത് നില്‍ക്കുന്നതിലൂടെ ഉണ്ടാകുന്ന പ്രയാസങ്ങള്‍ ഒഴിവാക്കുന്നതിനായി ഓണവിപണികള്‍ക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ടൈംടേബിള്‍ മുന്‍കൂട്ടി തയ്യാറാക്കി ഗോഡൗണുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനും അതിനനുസരിച്ച് വിതരണം നടത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.എല്ലാ ജില്ലകളിലും സഹകരണ വകുപ്പിലെ ജോയിന്റ് രജിസ്ട്രാര്‍മാര്‍ മുഖേന സഹകാരികളുടെയും, ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്ന് ഓണവിപണി വിപുലമായി നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഓണവിപണിയുടെ അഴിമതിരഹിതവും, സുതാര്യവും, കാര്യക്ഷമവുമായ പ്രവര്‍ത്തനത്തിനും, വിതരണത്തിനും നല്‍കിയ മാര്‍ഗ്ഗ രേഖകള്‍ പാലിക്കുന്നുണ്ട് എന്നുറപ്പു വരുത്തുന്നതിന് പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ നിയോഗിച്ചുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *