ഉത്തരേന്ത്യയില്‍ കാലവര്‍ഷം വീണ്ടും ശക്തമായതോടെ മഴക്കെടുതി അതിരൂക്ഷം
ഉത്തരേന്ത്യയില്‍ കാലവര്‍ഷം വീണ്ടും ശക്തമായതോടെ മഴക്കെടുതി അതിരൂക്ഷം. യമുനാ നദിയിലെ ജലനിരപ്പ് അതിവേഗം ഉയര്‍ന്ന് തുടങ്ങിയതോടെ ഡല്‍ഹി പ്രളയഭീതിയിലാണ്. യമുന നദിയിലെ ജലനിരപ്പ് 206.44 ആയി ഉയര്‍ന്നതോടെ ഓള്‍ഡ് യമുന ബ്രിഡ്ജ് അടച്ചു. ട്രെയിന്‍ ഗതാഗതം വഴിതിരിച്ചു വിട്ടു.ട്രെയിനുകള്‍ ന്യൂഡല്‍ഹി വഴിയാണ് തിരിച്ചുവിടുന്നത്. ഡല്‍ഹി, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. ഡല്‍ഹിയില്‍ ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അതിനിടെ ഹിന്‍ഡന്‍ നദി കരകവിഞ്ഞതോടെ യുപി നോയിഡയിലെയും ഗാസിയാബാദിലെയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ഹിമാചല്‍ പ്രദേശില്‍ 27 വരെ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഹിമാചല്‍ പ്രദേശില്‍ ഇന്നലെ മഴക്കെടുതിയില്‍ അഞ്ച് പേര്‍ മരിച്ചു.ഗുജറാത്തിലും മഴക്കെടുതി അതിരൂക്ഷമായി തുടരുകയാണ്. ഏറ്റവുമധികം മഴ ലഭിച്ച ജുനഗഢ് ജില്ലയില്‍ പ്രളയ സാഹചര്യമാണ് ഉള്ളത്. വീടുകള്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങി. വാഹനങ്ങള്‍ ഒലിച്ച് പോയി. വിവിധ സംഭവങ്ങളിലായി ആറ് പേര്‍ക്ക് സംസ്ഥാനത്ത് മഴക്കെടുതിയില്‍ ജീവന്‍ നഷ്ടമായെന്നാണ് കണക്ക്.