യമുന നദി കരകവിഞ്ഞ് ഒഴുകി : ഡൽഹിയിൽ വൻ പ്രളയം
ഹരിയാനയിലെ ഹത്നികുണ്ട് സംഭരണയിൽ നിന്നുള്ള വെള്ളം തുറന്നുവിട്ടതോടെ അതിവേഗത്തിൽ കരകവിഞ്ഞ് യമുന. ഡൽഹിയിൽ ഇതോടെ വൻ പ്രളയമാണ് അനുഭവപ്പെട്ടത്. ഇന്നലെ യമുനയിലെ ജലനിരപ്പ് 208.66 മീറ്ററായിരുന്നു. ഇവ ഇന്നും ഉയർന്നേക്കാമെന്നാണ് വിലയിരുത്തൽ. പ്രളയ സാധ്യത കണക്കിലെടുത്ത് ഇതിനോടകം 2500 പേരെയാണ് തലസ്ഥാനത്തുനിന്നും സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചത്.ഡൽഹിയിലെ പോഷ് പ്രദേശമായ സിവിൽ ലൈൻസിൽ വെള്ളം കയറിയിട്ടുണ്ട്. കനത്ത വെള്ളപ്പൊക്കം നിലനിൽക്കുന്നതിനാൽ ഞായറാഴ്ച വരെ സ്കൂളുകൾക്കും കോളേജുകൾക്കും അവധിയാണ്. കൂടാതെ, സർക്കാർ ഓഫീസുകളിലെയും സ്വകാര്യ ഓഫീസുകളിലെയും ജീവനക്കാരോട് വർക്ക് ഫ്രം ഹോം തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്.ഡൽഹിയിലും പരിസരപ്രദേശങ്ങളും വെള്ളത്തിനടിയിൽ ആയതിനാൽ, ശനിയാഴ്ച വരെ ചെങ്കോട്ട അടച്ചിട്ടുണ്ട്. വസീറബാദ്, ചന്ദ്രവൽ ജല ശുദ്ധീകരണ പ്ലാന്റുകളും അടച്ചു. നിലവിൽ, രക്ഷാപ്രവർത്തനത്തിനായി 12 എൻഡിആർഎഫ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ, പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.