സര്‍ക്കാരിന്റെ ടൂറിസം പദ്ധതിയുടെ ഭാഗമായി മത്സ്യ കന്യകയുടെ പ്രതിമ നിര്‍മ്മിച്ച് കടക്കെണിയിലായ ശില്‍പി ജോണ്‍സിന്റെ വായ്പ തിരിച്ചടച്ച് സുരേഷ് ഗോപി
ആലപ്പുഴ: സര്‍ക്കാരിന്റെ ടൂറിസം പദ്ധതിയുടെ ഭാഗമായി മത്സ്യ കന്യകയുടെ പ്രതിമ നിര്‍മ്മിച്ച് കടക്കെണിയിലായ ശില്‍പി ജോണ്‍സ് കൊല്ലകടവിന് സഹായ ഹസ്തവുമായി മുന്‍ രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപി. ജോണ്‍സിന്റെ വായ്പ നടന്‍ സുരേഷ് ഗോപി തിരിച്ചടച്ചു. കായംകുളം ടൂറിസം പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിച്ച മത്സ്യകന്യകയുടെ ശില്‍പ്പം നിര്‍മിക്കുന്നതിനായി സര്‍ക്കാര്‍ നല്‍കിയ തുക തികയാതെ വരികയും, തുടര്‍ന്നുള്ള നിര്‍മ്മാണത്തിന് സര്‍ക്കാര്‍ പണം നല്‍കാതെ വന്നതോടെ ശില്‍പി സ്വന്തം വീടും വസ്തുവും ബാങ്കില്‍ പണയം വെച്ച് 3,60,000 രൂപ വായ്പയെടുത്തു. പിന്നീട് ഈ തുക ഉപയോഗിച്ചാണ് അദ്ദേഹം നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ശില്‍പിയ്ക്ക് ഉടന്‍ പണം നല്‍കാമെന്ന് ടൂറിസം അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും നല്‍കിയിരുന്നില്ല.ഒടുവില്‍ സംസ്ഥാന അവാര്‍ഡ് ജേതാവായ ശില്‍പിയ്ക്ക് ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിക്കുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട സുരേഷ് ഗോപി വിഷയത്തില്‍ ഇടപെടുകയും അന്ന് തന്നെ വായ്പ തിരിച്ചടക്കുകയും ചെയ്തു. ഇതോടെ ശില്‍പി ജോണ്‍സ് കൊല്ലകടവിന് പണയം വച്ച വീടിന്റെ ആധാരം ബാങ്ക് തിരികെ നല്‍കി.