ക്ഷീണം, കഴുത്തിന് ചുറ്റുമുള്ള കറുത്ത പാടുകൾ; പ്രമേഹത്തിന്റെ പ്രാരംഭലക്ഷണങ്ങൾ തിരിച്ചറിയാം
ബ്ലഡ് ഷുഗർ നില (രക്തത്തിലെ പഞ്ചസാരയുടെ അളവ്) പരിശോധിക്കുമ്പോൾ നോർമൽ ആണെന്നാണ് കാണിക്കുന്നതെങ്കിലും ചിലഘട്ടങ്ങളിൽ പ്രമേഹത്തിന്റെ പ്രാരംഭലക്ഷണങ്ങൾ ശരീരം പ്രകടമാക്കുമെന്ന് പറയുകയാണ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. പാൽ മാണിക്കം. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പാൽ ഇതേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. ശരീരം പ്രകടമാക്കുന്ന ചില ലക്ഷണങ്ങൾ നിസ്സാരമാക്കുക വഴി ഇൻസുലിൻ പ്രതിരോധത്തിലേക്കും പ്രമേഹത്തിലേക്കും നയിക്കാമെന്നും അദ്ദേഹം പറയുന്നുണ്ട്.ശ്രദ്ധിക്കേണ്ട പ്രധാനലക്ഷണങ്ങളിൽ ആദ്യത്തേതായി അദ്ദേഹം പറയുന്നത് നിരന്തരമായുള്ള ക്ഷീണമാണ്. നന്നായി ഉറക്കം ലഭിച്ചതിനുശേഷവും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് സമ്മർദത്തിന്റേതോ, പ്രായമാകുന്നതിന്റെയോ എന്നുകരുതി നിസ്സാരമാക്കാതെ ബ്ലഡ് ഷുഗറിന്റേത് ആണോ എന്ന് പരിശോധിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. ബ്ലഡ് ഷുഗർ നിലയിലെ വ്യതിയാനങ്ങൾ ഊർജത്തിന്റെ തോത് കുറയ്ക്കുകയും ഇൻസുലിൻ പ്രതിരോധത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു.മറ്റൊന്ന് ബ്രെയിൻ ഫോഗ് ആണ്. കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഗുരുതരമായ ഒരു മെഡിക്കൽ അവസ്ഥയാണ് ബ്രെയിൻ ഫോഗ്. ഇത് കൊഗ്നിറ്റീവ് കഴിവുകളെ തടസ്സപ്പെടുത്തും. ക്ഷീണം, ആശയക്കുഴപ്പം, ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ, ഏകാഗ്രത, ഓർമപ്രശ്നങ്ങൾ, വ്യക്തമല്ലാത്ത ചിന്തകൾ എന്നിവയ്ക്കും ബ്രെയിൻ ഫോഗ് ഇടയാക്കും. ബ്രെയിൻ ഫോഗിന്റെ പ്രധാന കാരണങ്ങളിലൊന്ന് ബ്ലഡ് ഷുഗർ നിലയിലെ വ്യത്യാസമാകാം എന്നാണ് അദ്ദേഹം പറയുന്നത്.ഭക്ഷണം കഴിച്ചതിനുശേഷം മധുരം കഴിക്കാനുള്ള തോന്നൽ ഉണ്ടാവുന്നവർ ഏറെയാണ്. എന്നാൽ ചിലഘട്ടങ്ങളിൽ ഭക്ഷണം കഴിച്ചതിനുശേഷം ഷുഗറിന്റെ നില കൂടുന്നത് നിയന്ത്രിക്കാൻ ശരീരം ബുദ്ധിമുട്ടുന്നതിന്റെ സൂചനയാണെന്നാണ് അദ്ദേഹം പറയുന്നത്. രാത്രി ഉറക്കത്തിനിടെ ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുന്നതും അമിതമായ വിശപ്പുമൊക്കെ ശരീരത്തിലെ അമിതമായുള്ള ഗ്ലൂക്കോസിനെ പുറന്തള്ളാൻ ശരീരം പണിപ്പെടുന്നതിന്റെ ലക്ഷണങ്ങളാകാമെന്ന് ഡോ.പാൽ മാണിക്കം പറയുന്നു.മുറിവുണങ്ങാൻ ദീർഘസമയമെടുക്കുന്നതും ശ്രദ്ധിക്കേണ്ട ലക്ഷണമാണെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കൂടാതെ കഴുത്തിനും കക്ഷങ്ങൾക്കും ചുറ്റുമുള്ള കറുത്ത പാടുകൾ, തുടർച്ചയായി വരുന്ന ഫംഗൽ അണുബാധ തുടങ്ങിയവയും ഇൻസുലിൻ പ്രതിരോധത്തിന്റെ ലക്ഷണങ്ങളാണെന്ന് അദ്ദേഹം പറയുന്നു.*ഇൻസുലിൻ പ്രതിരോധം*ശരീരം ഇന്‍സുലിനോട് പ്രതികരിക്കുന്നതിനെയാണ് ഇന്‍സുലിന്‍ സംവേദകത്വം(ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശരീരം ഇന്‍സുലിനോട് നന്നായി പ്രതികരിക്കുന്നത് ആരോഗ്യത്തിന്റെ ലക്ഷണമാണ്. എന്നാല്‍ ഇതിന് വിപരീതമായ അവസ്ഥയാണ് ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുന്നത്. ഈ അവസ്ഥയില്‍ പേശികളിലെയും കരളിലെയും കോശങ്ങള്‍ ഇന്‍സുലിനോട് പ്രതികരിക്കില്ല. ശരീരം ഇന്‍സുലിനോട് വേണ്ടരീതിയില്‍ പ്രതികരിക്കാതെവരുമ്പോള്‍ രക്തത്തില്‍നിന്ന് ഗ്ലൂക്കോസ് ആഗിരണം ചെയ്യാതെ വരുന്നു. ഇതാണ് പ്രമേഹത്തെത്തുടര്‍ന്നുള്ള വിവിധ രോഗാവസ്ഥകളിലേക്ക് നയിക്കുന്നത്.ഇന്‍സുലിന്‍ ഇഞ്ചക്ഷനോ, ഗുളികകളോ ആണ് ഇന്‍സുലിന്‍ സംവേദകത്വം വര്‍ധിപ്പിക്കാനുള്ള പ്രതിവിധി. എന്നാല്‍ ഇന്‍സുലിന്‍ പ്രതിരോധത്തെ മറികടക്കാന്‍ വ്യായാമം, മതിയായ ഉറക്കം, അന്നജം കുറഞ്ഞ ഭക്ഷണം, നാരുകളടങ്ങിയ ഭക്ഷണം തുടങ്ങിയ ജീവിതശൈലിയിലെ മാറ്റങ്ങളും പ്രധാനമാണ്.

