സംസ്ഥാനത്ത് പകർച്ചപ്പനി അതിവേഗം വ്യാപിക്കുന്നു
സംസ്ഥാനത്ത് പകർച്ചപ്പനി അതിവേഗം വ്യാപിക്കുന്നു. ഇത്തവണ പനി ബാധിതരുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, വ്യാഴാഴ്ച മാത്രം 13,409 പേർക്കാണ് പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സാധാരണ പനിക്ക് പുറമേ, എലിപ്പനി, ഡെങ്കിപ്പനി, എച്ച്1എൻ1 തുടങ്ങിയ രോഗങ്ങളും അതിവേഗത്തിൽ പടരുന്നുണ്ട്. ഇത്തരം പനികൾ അപകടകാരിയായതിനാൽ മരണസംഖ്യയും ഉയരുന്നുണ്ട്.നാല് ജില്ലകളിൽ ആയിരത്തിലേറെ പ്രതിദിന രോഗികളാണ് ഉള്ളത്. ഇതിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് മലപ്പുറം ജില്ലയിലാണ്. 2,051 പേർക്കാണ് മലപ്പുറം ജില്ലയിൽ പനി സ്ഥിരീകരിച്ചിട്ടുള്ളത്. കോഴിക്കോട്- 1542, തിരുവനന്തപുരം- 1,290, എറണാകുളം- 1,216 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ സ്ഥിരീകരണ നിരക്ക്. ഇതിൽ 53 പേർക്ക് ഡെങ്കിപ്പനിയും, 8 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച മാത്രം മൂന്ന് പേരാണ് പനി ബാധിതരായി മരിച്ചത്. കൂടാതെ, മരിച്ചവരിൽ ഒരാൾക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചിട്ടുണ്ട്. പനി വ്യാപനം ഇനിയും കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.