സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കെ-ഫോൺ ഇന്ന് നാടിന് സമർപ്പിക്കും
സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കെ-ഫോൺ ഇന്ന് നാടിന് സമർപ്പിക്കും. ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. നിയാസ സഭ കോംപ്ലക്സിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. അതേസമയം, കെ-ഫോൺ ഉദ്ഘാടന ചടങ്ങും, ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അനുബന്ധ ചടങ്ങുകളും ബഹിഷ്കരിക്കാൻ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.എല്ലാവർക്കും ഇന്റർനെറ്റ് സൗകര്യം ഉറപ്പാക്കുക, കേരളത്തിന്റെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തവും കാര്യക്ഷമവുമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് സംസ്ഥാന സർക്കാർ കെ-ഫോൺ പദ്ധതിക്ക് രൂപം നൽകിയത്. പദ്ധതി മുഖാന്തരം സാധാരണക്കാർക്ക് മിതമായ നിരക്കിൽ ഹൈ സ്പീഡ് ഇന്റർനെറ്റ് ലഭിക്കുന്നതാണ്. കൂടാതെ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് കണക്ഷൻ കെ-ഫോൺ പദ്ധതിയിലൂടെ ലഭ്യമാകും.പദ്ധതിയുടെ ആദ്യ ഘട്ടമായി കേരളത്തിലെ 140 മണ്ഡലങ്ങളിലെ തിരഞ്ഞെടുത്ത 14,000 വീടുകളിലാണ് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ എത്തുക. നിലവിൽ, 26,542 ഓഫീസുകൾക്ക് കണക്ഷൻ നൽകുകയും, 17,155 ഓഫീസുകളിൽ കെ-ഫോൺ കണക്ഷൻ സജീവമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം, 30,438 സർക്കാർ ഓഫീസുകൾക്ക് കെ-ഫോൺ വഴി ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്ന പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്.