രുചിപെരുമയുടെ കലവറ തുറന്ന് കനകക്കുന്നിൽ ഭക്ഷ്യ മേള ഇന്ന് : ഒരേ സമയം മുന്നൂറ് പേർക്ക് ഭക്ഷണം കഴിക്കാം
തിരുവനന്തപുരം : യാതൊരു മായവുമില്ലാത്ത ഭക്ഷണം നല്ല രുചിയിൽ വിലക്കുറവിൽ കഴിക്കാൻ കനകക്കുന്നിലേക്ക് പോരൂ. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കനകക്കുന്നില്‍ ഇന്ന് മുതൽ (മെയ് 20) ആരംഭിക്കുന്ന ‘എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണന ഭക്ഷ്യ മേളയിൽ വിവിധ വകുപ്പുകളുടെ ഫുഡ് കോര്‍ട്ടുകൾ ഒരുങ്ങി. മേള സന്ദര്‍ശിക്കുന്നവര്‍ക്ക് തിരുവനന്തപുരത്തിന്റെ തനത് രുചികളും കോഴിക്കോടൻ പലഹാരങ്ങളും കാസർകോടൻ ചിക്കൻ വിഭവങ്ങളും കണ്ണൂർ തലശ്ശേരി ബിരിയാണിയും രാജസ്ഥാനി വിഭവങ്ങളും ആസ്വദിക്കാനാവുന്ന വിധത്തില്‍ വിപുലമായ ഭക്ഷ്യമേളയാണ് ഒരുക്കിയിരിക്കുന്നത്. മുന്നൂറോളം പേർക്ക് ഒരേ സമയം ഇരിക്കാൻ കഴിയും വിധമാണ് ഫുഡ് കോർട്ട് ഒരുക്കിയിരിക്കുന്നത്. കുടുംബശ്രീ, ജയില്‍ വകുപ്പ്, മില്‍മ, ഫിഷറീസ് വകുപ്പ്, കെ.ടി.ഡി.സി, സാഫ്, തുടങ്ങിയവരാണ് ഫുഡ് കോര്‍ട്ടില്‍ രുചിയൂറും വിഭവങ്ങൾ ഒരുക്കുന്നത്. മെയ് 27 വരെയാണ് മേള.