ദേശീയപാതാ അതോറിറ്റി നിര്‍മാണടെന്‍ഡര്‍ ക്ഷണിച്ച രണ്ടുപദ്ധതികളില്‍ സ്ഥലമേറ്റെടുപ്പ് കരാറില്‍ സംസ്ഥാനം ഒപ്പുവെച്ചില്ല
തിരുവനന്തപുരം: ദേശീയപാതാ അതോറിറ്റി നിര്‍മാണടെന്‍ഡര്‍ ക്ഷണിച്ച രണ്ടുപദ്ധതികളില്‍ സ്ഥലമേറ്റെടുപ്പ് കരാറില്‍ സംസ്ഥാനം ഒപ്പുവെച്ചില്ല. തിരുവനന്തപുരം ഔട്ടര്‍ റിങ്റോഡ്, കൊല്ലം-ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ദേശീയപാത എന്നിവയുടെ സ്ഥലമേറ്റെടുപ്പാണ് ഇതോടെ അനിശ്ചിതത്വത്തിലായത്. സ്ഥലമേറ്റെടുപ്പിന് മുടക്കേണ്ട തുകയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാരണം.കേരളത്തില്‍ സ്ഥലത്തിന് കൂടിയവിലയാണെന്നും നിര്‍മാണത്തിന്റെ ഇരട്ടിത്തുക സ്ഥലമേറ്റെടുപ്പിന് നല്‍കണമെന്നുമാണ് ദേശീയപാതാ അതോറിറ്റിയുടെ നിലപാട്. ഭാവിപദ്ധതികള്‍ക്ക് 25 ശതമാനം തുക വഹിക്കാന്‍ കഴിയില്ലെന്നാണ് സംസ്ഥാനം അറിയിച്ചിരിക്കുന്നത്.ഔട്ടര്‍ റിങ് റോഡ് സ്ഥലമേറ്റെടുപ്പിന് 50 ശതമാനം സംസ്ഥാനവും ബാക്കി ദേശീയപാതാ അതോറിറ്റിയും നല്‍കണമെന്നാണ് വ്യവസ്ഥ. ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡിന് ദേശീയപാതാവിഭാഗവും സംസ്ഥാനവും 75:25 എന്ന അനുപാതത്തില്‍ ചെലവിടണം. റിങ് റോഡിനും ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡിനും ലേലനടപടികള്‍ ദേശീയപാതാ അതോറിറ്റി മാസങ്ങള്‍ക്ക് മുമ്പേ തുടങ്ങിയിരുന്നു. ഔട്ടര്‍ റിങ് റോഡിന് 2967 കോടിയും ചെങ്കോട്ട പാതയ്ക്ക് 1192.8 കോടിയുമാണ് നിര്‍മാണച്ചെലവ്. റിങ് റോഡിന് 100.87 ഹെക്ടര്‍ ഭൂമിയേറ്റെടുക്കാന്‍ വിജ്ഞാപനവുമായി. മൂന്ന് വില്ലേജുകളിലെ ഹിയറിങ്ങും പൂര്‍ത്തിയായി. രണ്ട് വില്ലേജുകളിലേത് 18-ന് ആരംഭിക്കും. ചെങ്കോട്ട പാതയുടെ ആദ്യഘട്ട സ്ഥലമേറ്റെടുപ്പ് നടപടികളും ഹിയറിങ്ങും പുരോഗമിക്കുകയാണ്.കേരളത്തില്‍ ദേശീയപാത വികസിപ്പിക്കുമ്പോള്‍ ദേശീയ ശരാശരിയെക്കാള്‍ 17 ഇരട്ടി ചെലവ് വരുമെന്നാണ് കേന്ദ്രം പറയുന്നത്.