ടിടിഇ ജോലിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയതായി പരാതി
കോട്ടയം: ടിടിഇ ജോലിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയതായി പരാതി. സംഭവത്തില്‍ നിലമ്പൂര്‍-കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസിലെ ടിടിഇ തിരുവനന്തപുരം സ്വദേശി നിതീഷി(35)നെ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയിലാണ് നടപടി. പുലര്‍ചെ ഒരു മണിയോടെ ആലുവയില്‍വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ഒറ്റയ്ക്ക് യാത്ര ചെയ്ത യുവതിയോട് നിതീഷ് അപമര്യാദയായി പെരുമാറുകയായിരുന്നു. യുവതിയെ, ട്രെയിനില്‍ യാത്രയാക്കുന്നതിനായി എത്തിയപ്പോള്‍ പിതാവ് ടിടിഇയോട് മകള്‍ ഒറ്റയ്ക്കാണ് പോകുന്നതെന്നും ശ്രദ്ധിക്കണമെന്നും പറഞ്ഞിരുന്നു. ഇത് മുതലെടുത്താണ് അപമര്യാദയായി പെരുമാറിയതെന്ന് പരാതിയില്‍ പറയുന്നു.ഇയാള്‍ ആദ്യം കോച് മാറാന്‍ നിര്‍ബന്ധിക്കുകയും, പിന്നീട് കയ്യില്‍ കയറി വലിക്കുകയുമായിരുന്നെന്നാണ് യുവതിയുടെ പരാതി. പിന്നീടും ശല്യം രൂക്ഷമായതോടെ യുവതി തിരുവനന്തപുരത്തെ റെയില്‍വേ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് ട്രെയിനില്‍ ഉണ്ടായിരുന്ന പൊലീസ് നിതീഷിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. നിതീഷിനെ പിന്നീട് കോട്ടയം റെയില്‍വേ പൊലീസിന് കൈമാറി. പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നുവെന്നും തെളിഞ്ഞു.