താനൂര്‍ ബോട്ടപകടത്തില്‍ മരണം 22 ആയി
താനൂര്‍: താനൂര്‍ ബോട്ടപകടത്തില്‍ മരണം 22 ആയി. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. അപകടത്തില്‍ അഞ്ച് കുട്ടികള്‍ മരിച്ചതായാണ് വിവരം. പത്ത് പേരെ അപകടത്തില്‍ നിന്ന് രക്ഷിച്ചു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. 35 ഓളം യാത്രികരുമായിട്ടാണ് ബോട്ട് മുങ്ങിയതെന്നാണ് വിവരം.മരിച്ചവരില്‍ താനൂര്‍ ഓല പീടിക കാട്ടില്‍ പിടിയേക്കല്‍ സിദ്ദീഖ് (41), മക്കളായ ഫാത്തിമ മിന്‍ഹ (12), ഫൈസാന്‍ (3), പരപ്പനങ്ങാടി ആവില്‍ ബീച്ച് കുന്നുമ്മല്‍ ജാബിറിന്റെ ഭാര്യ ജല്‍സിയ എന്ന കുഞ്ഞിമ്മു (40), പരപ്പനങ്ങാടി സൈതലവിയുടെ മക്കളായ സഫ്‌ല (7), ഹുസ്ന (18), ഷംന (17), പരപ്പനങ്ങാടി കുന്നുമ്മല്‍ റസീന, പെരിന്തല്‍മണ്ണ പട്ടിക്കാട് ശാന്തപുരം നവാസിന്റെ മകന്‍ അഫലഹ് (7), പെരിന്തല്‍മണ്ണ സ്വദേശി അന്‍ഷിദ് (10), മുണ്ടുപറമ്പ് മച്ചിങ്ങല്‍ നിഹാസിന്റെമകള്‍ ഹാദി ഫാത്തിമ (7), പരപ്പനങ്ങാടി കുന്നുമ്മല്‍ സിറാജിന്റെ മക്കളായ ഷഹറ, റുഷ്ദ, ഓട്ടുമ്മല്‍ വീട്ടില്‍ സിറാജിന്റെ മകള്‍ നൈറ, താനൂര്‍ സ്റ്റേഷനിലെ പൊലീസുകാരന്‍ പരപ്പനങ്ങാടി സ്വദേശി സബറുദ്ദീന്‍ (37), ചെട്ടിപ്പടി വെട്ടിക്കുടി വീട്ടില്‍ സൈനുല്‍ ആബിദിന്റെ ഭാര്യ ആയിഷാബി, മകള്‍ അദില ഷെറി,കുന്നുമ്മല്‍ ആവായില്‍ ബീച്ചില്‍ റസീന, അര്‍ഷാന്‍ എന്നിവരെ തിരിച്ചറിഞ്ഞു. അപകട സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്.തിരുരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 8 പേരുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തും. താലൂക്ക് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായ 10 മൃതദേഹത്തില്‍ രണ്ട് മൃതദേഹം പെരിന്തല്‍മണ്ണയിലേക്ക് കൊണ്ട് പോയി. അഫലഹ്( 7), അന്‍ഷിദ് (10) പോസ്റ്റ്‌മോര്‍ട്ടം എന്നിവരുടെ പോസ്റ്റ്‌മോര്‍ട്ടം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ നടത്തും.ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് പൂരപ്പുഴയിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞത്. ഉൾക്കൊള്ളാവുന്നതിലും കൂടുതൽ ആളുകൾ കയറിയതാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു.സർക്കാർ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വിഡി സതീശനും ഇന്ന് താനൂർ സന്ദർശിക്കും.