ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ കിരീടമണിഞ്ഞു

Spread the love

ലണ്ടന്‍ : ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ കിരീടമണിഞ്ഞു. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. ഇന്ത്യന്‍ സമയം 3.30നാണ് അഞ്ച് ഘട്ടമായി നടന്ന കിരീടധാരണ ചടങ്ങ് ആരംഭിച്ചത്.ഏഴ് പതിറ്റാണ്ടിന് ശേഷം നടക്കുന്ന കിരീടധാരണ ചടങ്ങുകള്‍ ബെക്കിങ്ഹാം കൊട്ടാരത്തില്‍ നിന്നുള്ള രാജാവിന്റെ ഘോഷയാത്ര വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലെത്തിയതിന് പിന്നാലെയാണ് ആരംഭിച്ചത്. ചരിത്രപരമായ ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞതായിരുന്നു ചടങ്ങുകള്‍. കഴിഞ്ഞ സെപ്റ്റംബറില്‍ എലിസബത്ത് രാജ്ഞിയുടെ മരണത്തോടെയാണ് ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്റെ പുതിയ കിരീടാവകാശിയായത്. 1937 ന് ശേഷം ഇതാദ്യമായാണ് ഒരു രാജ്ഞി രാജാവിനൊപ്പം കിരീടധാരണം നടത്തുന്നത്.നാലായിരത്തോളം അതിഥികളാണ് വിവിധ രാജ്യങ്ങളില്‍ നിന്നും ചടങ്ങില്‍ സന്നിഹിതരായത്. ഇന്ത്യന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, ഭാര്യ സുദേഷ് ധന്‍കര്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ്,ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബിനീസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങുകള്‍ നടന്ന വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.1300 ല്‍ എഡ്വേഡ് രാജാവിന്റെ കിരീടധാരണത്തിനായി നിര്‍മ്മിച്ച സിംഹാസനമാണ് ചാള്‍സ് മൂന്നാമനായും ഉപയോഗിച്ചത്. എഡ്വേഡ് ഒന്നാമന്‍ സ്‌കോട്ട്ലന്‍ഡ് രാജവംശത്തില്‍ നിന്നും സ്വന്തമാക്കിയ ‘സ്റ്റോണ്‍ ഓഫ് ഡെസ്റ്റിനി’ എന്ന കല്ലുപതിച്ചതാണ് ഈ സിംഹാസനം.700 വര്‍ഷം പഴക്കമുള്ള ഓക്ക് തടിയില്‍ തീര്‍ത്ത ഈ സിംഹാസനത്തിന്റെ നവീകരണം പൂര്‍ത്തിയായിക്കഴിഞ്ഞു. ആര്‍ച്ച് ബിഷപ്പ് സിംഹാസനത്തില്‍ ചാള്‍സ് ഉപവിഷ്ടനായതിന് ശേഷം കുരിശും രത്നങ്ങളും പതിപ്പിച്ച അംശവടിയും വജ്രമോതിരവും രാജാവിന് കൈമാറി. തുടര്‍ന്നാണ് രാജകിരീടം തലയിലണിഞ്ഞ് ബ്രിട്ടന്റെ പരമാധികാരിയായി ചാള്‍സ് മൂന്നാമന്‍ വാഴ്ത്തപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *