സംസ്ഥാനത്തെ 712 ഉദ്യോഗസ്ഥർ വിജിലൻസ് നിരീക്ഷണത്തിൽ
സ്ഥിരമായി അഴിമതി ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്തെ 712 ഉദ്യോഗസ്ഥർ വിജിലൻസ് നിരീക്ഷണത്തിൽ. ഏറ്റവും കൂടുതൽ റവന്യൂ വകുപ്പിലും തൊട്ടുപിന്നിൽ പഞ്ചായത്ത്, മോട്ടോർ വാഹന വകുപ്പിലുമാണ് അഴിമതിക്കാരായഉദ്യോഗസ്ഥരുള്ളതെന്ന് കണക്കുകൾപറയുന്നു. ട്രാപ്പുകേസുകൾ സജീവമാക്കുന്നതിൻറെ ഭാഗമായാണ് അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ കണക്ക് വിജിലൻസെടുത്തത്. നിലവിൽ 14 ജില്ലകളിലായി 712 പേരെയാണ് വിജിലൻസ് നോട്ടമിട്ടത്. നിരന്തരം പരാതികളുയരുന്നതും സംശയത്തിൻറെ ആനുകൂല്യത്തിൽ പലവട്ടം വിജിലൻസ് വലയിൽ നിന്നുംരക്ഷപ്പെട്ടവരുമാണ് പട്ടികയിലുള്ളത്. ഇവരെ വിജിലൻസ് നിരന്തരം നിരീക്ഷിക്കുന്നുണ്ട്.പരാതിയുമായി പലരും മുന്നോട്ടുപോകാൻ മടിക്കുന്നതാണ് ഈ ഉദ്യോഗസ്ഥർക്ക് രക്ഷയാകുന്നത്. അഴിമതിയുടെ തോതനുസരിച്ച് റാങ്കു പട്ടിക തയ്യാറാക്കാൻ വിജിലൻസ് ശ്രമിച്ചെങ്കിലും വകുപ്പുകളുടെ എതിർപ്പിനെ തുടർന്നു നടപ്പായില്ല.242 ഉദ്യോഗസ്ഥർ നിരീക്ഷണത്തിലുള്ള റവന്യു വകുപ്പാണ് ഇക്കാര്യത്തിൽ ഒന്നാം സ്ഥാനത്ത്. 180 പേർ നിരീക്ഷണത്തിലുള്ള പഞ്ചായത്തുവകുപ്പും 175 പേരുള്ള മോട്ടോർ വാഹനവകുപ്പും തൊട്ടു പിന്നിലുണ്ട്. ഫയലുകൾ കാരണമില്ലാതെ വെച്ചു താമസിപ്പിക്കുന്നെന്നു പരാതിയുയർന്നിട്ടുള്ള ഉദ്യോഗസ്ഥരേയും വിജിലൻസ് നോട്ടമിട്ടുണ്ട്. ആരോഗ്യം റജിസ്ട്രേഷൻ വകുപ്പുകളിലും നിരീക്ഷണത്തിലായ ഉദ്യോഗസ്ഥർ ഏറെയുണ്ട്. ഇക്കൊല്ലം ഇതുവരെ 39 ഉദ്യോഗസ്ഥർ കുടുങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം 47 കേസുകളിലായി 53 പേരാണ് അറസ്റ്റിലായത്. ഇക്കൊല്ലം ഏറ്റവും കൂടുതൽ പേർ കൈക്കൂലി കേസിൽ കുടുങ്ങിയത് റവന്യൂ വകുപ്പിൽ നിന്നായിരുന്നു.