ചണ്ഡീഗഡിൽ ഓഫീസുകാര്യങ്ങൾക്കായി ചെലവഴിച്ച ദിനങ്ങൾക്കിടയിലെ ഒരു വാരാന്ത്യം
ചണ്ഡീഗഡിൽ ഓഫീസുകാര്യങ്ങൾക്കായി ചെലവഴിച്ച ദിനങ്ങൾക്കിടയിലെ ഒരു വാരാന്ത്യം. കൂട്ടത്തിൽ പലരും ഒരു ദിവസം കൊണ്ട് ഷിംല വരെയൊക്കെ പോയി വന്നിരുന്നു. അത്രയും ധൃതി പിടിച്ച് സ്ഥലങ്ങൾ കാണാൻ താൽപര്യമില്ലാത്തതിനാൽ ഏറ്റവുമടുത്ത ഹിൽ സ്റ്റേഷനായ കസൗളിയിലേക്കായി എൻ്റെ യാത്ര.ചണ്ഡീഗഡിൽ നിന്നും കസൗളിയിലേക്ക് ഉദ്ദേശം 60 കി.മി.ദൂരം വരും. ഒറ്റയ്ക്കായതിനാൽ ബസിലാണ് പോയത്. നേരിട്ട് ബസില്ല. ഷിംല ഭാഗത്തേയ്ക്കുള്ള ഏതു ബസിലും കയറി ധരംപൂർ ഗ്രാമത്തിനു സമീപം, കസൗളി മോഡിൽ ഇറങ്ങണം. അവിടെ നിന്നും പതിനൊന്നു കി.മി. യാത്ര. സോളൻ ഭാഗത്തു നിന്നും വരുന്ന മിനി ബസുകൾ സുലഭം. ഇടുങ്ങിയ റോഡിലൂടെയുള്ള യാത്ര രസകരം. ദൂരെ മലകൾ കണ്ട്, മലയോരത്തൂടെ അങ്ങനെ…. വഴിയിൽ ഗഡ്ഖൽ എന്ന ചെറുപട്ടണം കടക്കണം. കടകൾക്കിടയിൽ വഴിയോ, വഴിയരികിലെ കടകളോ എന്നതിൽ സംശയം തോന്നാൻ വണ്ണം ഇടുങ്ങിയ വഴി. വളവുകളും. ട്രാഫിക്ക് ബ്ളോക്കുകൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് തോന്നി (മടക്കത്തിൽ അരമണിക്കൂറോളം പെടുകയുo ചെയ്തു).ഏകദേശം ഇരുപത്തഞ്ച് മിനിട്ട് കൊണ്ട് ബസ് സ്റ്റാൻ്റിലെത്തി. ബ്രിട്ടീഷുകാർ 1842 ൽ സ്ഥാപിച്ചതാണ് ഈ ഹിൽ സ്റ്റേഷൻ. ഇപ്പോൾ കൻ്റോൺമെൻ്റ് ബോർഡിനു കീഴിലാണിത്. ബസ് സ്റ്റാൻ്റിനടുത്ത് ആദ്യ കാഴ്ചയായ Christ Church. 1844 ൽ സ്ഥാപിതമായ മനോഹര നിർമ്മിതി.കസൗളി കാഴ്ചകൾ നടന്നു കാണുന്നത് ഉത്തമം. ഓഫ് സീസണന്ന് പറയാവുന്ന വിൻ്ററിൽ യാത്രികർ കുറവ്. നടത്തയിൽ ഞാൻ മാത്രം. പ്രകൃതി നമ്മിലേക്ക് സംക്രമിക്കുന്ന അനുഭവം. ആദ്യം പോയത് 4 കി.മി.ദൂരെയുള്ള മങ്കി പോയിൻ്റിലേക്കാണ്. അത് കസൗളി എയർഫോഴ്സ് സ്റ്റേഷനുള്ളിലെ ഒരു കുന്നാണ്. കുന്നിൻ മുകളിൽ സഞ്ജീവനി ഹനുമാൻ ക്ഷേത്രം.ഹനുമാൻ സ്വാമി മൃതസഞ്ജീവനിയുമായി പറക്കുമ്പോൾ ഇടത് കാൽ കുന്നിൻ മുകളിൽ പതിഞ്ഞെന്ന് വിശ്വാസം. വഴിയിൽ ഇടത് ഭാഗത്ത് ദൂരെയായി മലനിരകൾ കാണാം. അതിവിദൂരതയിൽ മഞ്ഞണിഞ്ഞവയും. സൂര്യപ്രകാശത്തിൽ മഞ്ഞിൻ തൊപ്പികൾ തിളങ്ങിക്കണ്ടു. നടത്ത പകുതിയായപ്പോൾ വഴിയരുകിലെ ഒരു ചായക്കടയിൽ നിന്നും ചായ കുടിച്ച് കുപ്പിവെള്ളവും വാങ്ങി നടത്ത തുടർന്നു. അങ്ങനെ നീങ്ങുമ്പോഴാണ് വഴിയരികിലെ മതിൽ പുറത്തു നിന്നും ചീറിക്കൊണ്ട് ഒരു വാനരൻ എൻ്റെ നേരെ ചാടിയത്. ഭാഗ്യവശാൽ മർക്കടത്തിന് പാൻ്റിൻ തുമ്പിലെ പിടികിട്ടിയുള്ളു. കൈയ്യിലെ വെള്ളക്കുപ്പി പൊക്കിയതും വന്നതിനേക്കാൾ വേഗത്തിൽ ഓടി മറയുകയും ചെയ്തു. നടത്ത തുടർന്നു.മങ്കി പോയിൻ്റിൽ നിന്നും മനോഹര കാഴ്ചകൾ ലഭിക്കുമെങ്കിലും അവ മനസിൽ സൂക്ഷിക്കാനെ കഴിയൂ. കയറുന്ന ഗേറ്റിങ്കൽത്തന്നെ ഫോട്ടോ ഐഡി കാണിച്ച് കഴുത്തിലണിയുന്ന പാസ് കരസ്ഥമാക്കണം; മൊബൈൽ / കാമറ ഇത്യാദി ലോക്കറിൽ സൂക്ഷിക്കുകയും.അമ്പലത്തിൽ തിരക്കില്ലായിരുന്നു. നല്ല ദർശനം. ദൂരെയുള്ള മലനിരകൾ, താഴ്‌വാരങ്ങൾ, വഴികൾ ഒക്കെ കണ്ടു. തിരികെ ബസ് സ്റ്റാൻ്റിലേക്ക്.ബസ് സ്റ്റാൻ്റിൽ നിന്നും മറ്റൊരു ദിശയിൽ നടക്കുമ്പോഴാണ് സൺ സെറ്റ് പോയിൻ്റും, ഗിൽബർട്ട് ട്രെയിൽ എന്ന കാട്ടുപാതയും. സൺ സെറ്റ് പോയിൻ്റിൽ ചെന്നപ്പോൾ കുറച്ച് കാഴ്ചക്കാരൊക്കെയുണ്ട്. സമയം മൂന്നരയോളമേ ആയിട്ടുള്ളൂ. ഗിൽബർട്ട് ട്രെയിൽ കണ്ടു വരാം എന്നായി ചിന്ത. അപ്പോഴാണ് അവിടെ ഒരു കോണിൽ ഇരുമ്പഴിക്കൂട്ടിൽ ഇരിക്കുന്ന ഒരു മനുഷ്യനെ ശ്രദ്ധിച്ചത്. ചിലരൊക്കെ അയാളുടെ കൈയ്യിൽ നിന്നും ചായ വാങ്ങി കുടിക്കുന്നുണ്ട്. ചായയും, മിനറൽ വാട്ടർബോട്ടിലുമാണ് അയാളുടെ വില്പന സാമഗ്രികൾ. ഒരു ചായ ഞാനും പറഞ്ഞു. ഇഞ്ചി ചതച്ചിട്ട ചൂടു ചായ തണുപ്പിലാശ്വാസം. പലതും പറഞ്ഞ കൂട്ടത്തിൽ, എന്നെ കുരങ്ങൻ ആക്രമിച്ച കാര്യം അയാളോട് പറഞ്ഞു. അവിടെയുള്ള കുരങ്ങൻമാരെയൊക്കെ പിടിച്ച് ഉൾവനത്തിൽ വിട്ടെന്നും ഇപ്പോൾ അതിന് സാധ്യത കുറവെന്നുമായി അയാൾ. അവിടെയിരുന്ന ഇരുപതോളം മിനിട്ടിൽ ശ്രദ്ധിച്ച കാര്യം, അയാൾ ആ കൂട്ടിൻ്റെ പുറത്തുവരുന്നേയില്ലന്നതായിരുന്നു. പുറപ്പെടുന്നേരം അയാളോട് കാര്യം ചോദിച്ചു. കുരങ്ങനെങ്ങാനും വന്നാലോ എന്നായി അയാൾ !!!’അഗസ്ത്യകൂട യാത്ര ചെയ്തവർക്ക് അത്ര പുതുമ തോന്നിക്കുന്നതല്ല ഗിൽബർട്ട് ട്രെയിൽ. മൂന്നാലു കി.മി പോകാമെങ്കിലും ഒന്നര കി.മിയെ ഞാൻ പോയുള്ളു – ആൾക്കുറവും, രാവിലത്തെ കുരങ്ങൻ സംഭവവും കാരണം.മലയിലെ ബസിൻ്റെ സമയം തീർച്ച പറയാൻ പറ്റാത്തതിനാൽ സൂര്യാസ്തമയം കാണാൻ നിന്നില്ല. തിരികെ അഞ്ചേകാലോടെ സ്റ്റാൻറിലെത്തി, അഞ്ചരയുടെ വണ്ടിയിൽ കസൗളി മോഡിലേക്ക് തിരിച്ചു. തിരികെയെത്തിയത് ആറരയോടെയാണ് – ഗഡ്ഖൽ ബ്ളോക്കു കാരണം.ഒരു ഹിമാചൽ ട്രാൻസ്പോർട്ടു ബസിൽ മടക്കം. ഒരു നല്ല യാത്രയുടെ ഓർമ്മകളുമായി.