പരസ്പര സമ്മതത്തോടെയുള്ള ശാരീരികബന്ധങ്ങളില്‍ അവരെ കുറ്റക്കാരാക്കാനുള്ളതല്ല പോക്‌സോ വകുപ്പെന്ന് ബോംബെ ഹൈക്കോടതി
മുംബൈ: പ്രായപൂര്‍ത്തിയാകാത്തവരുമായി പരസ്പര സമ്മതത്തോടെയുള്ള ശാരീരികബന്ധങ്ങളില്‍ അവരെ കുറ്റക്കാരാക്കാനുള്ളതല്ല പോക്‌സോ വകുപ്പെന്ന് ബോംബെ ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ജയിലില്‍ കഴിയുന്ന 22-കാരന് ജാമ്യം അനുവദിച്ചാണ് കോടതിയുടെ നിരീക്ഷണം. പെണ്‍കുട്ടിയും യുവാവും തമ്മിലുള്ള ബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അനുജ പ്രഭു ദേശായിയുടെതാണ് വിധി.കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍നിന്ന് സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് കടുത്ത ശിക്ഷാവിധികളോടെയുള്ള പോക്‌സോ വകുപ്പ്. എന്നാല്‍, പ്രായപൂര്‍ത്തിയാകാത്തവരുടെ, പ്രണയത്തോടെയുള്ളതോ പരസ്പര സമ്മതത്തോടെയുള്ളതോ ആയ ബന്ധത്തെ കുറ്റകൃത്യമാക്കിത്തീര്‍ക്കാനുള്ളതല്ലെന്നും കോടതി പറഞ്ഞു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്ന അമ്മയുടെ പരാതിയില്‍ 2021-ലാണ് യുവാവിനെ പോലീസ് അറസ്റ്റുചെയ്തത്. തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നും ലൈംഗികബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ഇതോടെയാണ് കോടതി യുവാവിന് ജാമ്യം അനുവദിച്ചത്.