മാര്‍ബര്‍ഗ് വൈറസ് വ്യാപിക്കുന്നതോടെ വിഷയത്തില്‍ വീണ്ടും മുന്നറിയിപ്പ് നല്‍കി യുഎഇ
ദുബായ്: മാര്‍ബര്‍ഗ് വൈറസ് വ്യാപിക്കുന്നതോടെവിഷയത്തില്‍ വീണ്ടും മുന്നറിയിപ്പ് നല്‍കി യുഎഇ. വൈറസ് ബാധിച്ച രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. മാര്‍ബെര്‍ഗ് വൈറസ് വ്യാപകമായ ടാന്‍സനിയ, ഗിനിയ എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി.ഇവിടങ്ങളില്‍ നിന്ന് വരുന്നവര്‍ രോഗലക്ഷണങ്ങള്‍ ഉണ്ടോയെന്ന് നിരീക്ഷിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. യുഎഇ പൗരന്മാരും, പ്രവാസി താമസക്കാരും ആരോഗ്യ അതോറിറ്റികള്‍ നിര്‍ദേശിക്കുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചു.പനി, തലവേദന, പേശി വേദന, കടുത്ത അസ്വസ്ഥത, വയറിളക്കം തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങളെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. ഏപ്രില്‍ ആദ്യവാരത്തിലും യുഎഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം ഇതേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഈ രോഗത്തിന്റെ മരണനിരക്ക് 79 ശതമാനമാണ്.