രാജ്യത്ത് ഏറ്റവും കൂടുതൽ കള്ളക്കടത്തു സ്വർണം പിടിക്കുന്നതു കേരളത്തിൽ

Spread the love

കരിപ്പൂർ: രാജ്യത്ത് ഏറ്റവും കൂടുതൽ കള്ളക്കടത്തു സ്വർണം പിടിക്കുന്നതു കേരളത്തിൽ ആണ്. പോലീസിന്റെയും കസ്റ്റംസിന്റെയും കണ്ണിൽപ്പെടാതെ എത്രയോ പേർ സ്വർണം കടത്തുന്നു. സ്വർണക്കടത്തിനായി വിവിധ മാർഗങ്ങളാണ് ഓരോരുത്തരും തേടുന്നത്. പുതിയ വഴികൾ ഉപയോഗിച്ച്, കസ്റ്റംസിന്റെയും പോലീസിന്റെയും കണ്ണ് വെട്ടിച്ച് തങ്ങളെ ഏൽപ്പിച്ച സംഘത്തിന് കൃത്യമായി സ്വർണം എത്തിച്ച് നൽകുന്നവരും ഉണ്ട്. ഒരിക്കൽ തങ്ങളുടെ ദൗത്യം വിജയകരമായി പൂർത്തിയാക്കിയാൽ ഇത്തരക്കാർക്ക് ആത്മവിശ്വാസം കൂടും. ഇവർ വീണ്ടും മറ്റ് പല മാർഗങ്ങൾ ഉപയോഗിച്ച് സ്വർണക്കടത്ത് തുടരും.കേരളത്തിൽ ഏറ്റവും അധികം സ്വർണക്കടത്ത് നടക്കുന്നത് കരിപ്പൂർ വിമാനത്താവളത്തിലാണ്. ദിവസേന ഒന്നിലധികം കേസുകൾ ഇവിടെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഞായറാഴ്ച രാത്രിയും ഒരു കേസ് റിപ്പോർട്ട് ചെയ്തിരുന്നു. കസ്റ്റംസിനെ വെട്ടിച്ച് കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ മലപ്പുറം വേങ്ങര സ്വദേശി സാലി (28)മിനെ പോലീസ് പിടികൂടുകയായിരുന്നു. 58 ലക്ഷം രൂപ വിലവരുന്ന 966 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നും പോലീസ് പിടികൂടിയത്. കുവൈത്തിൽ നിന്ന് കരിപ്പൂരിലെത്തിയ സാലിം ഇതിന് മുൻപും സ്വർണം കടത്തിയതായാണ് സൂചന. വളരെ പ്ലാൻ ചെയ്തായിരുന്നു സാലിം തന്റെ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചത്. കസ്റ്റംസിന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ട സാലിമിനെ പക്ഷെ ചതിച്ചത് പരിചയക്കാരിൽ ആരോ ആണ്.സാലിം സ്വർണവുമായി വരുന്നുണ്ടെന്നു രഹസ്യ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സംഘം വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നത്. കാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് പ്രതി സ്വർണ്ണം കടത്തിയത്. പിടിച്ചെടുത്ത സ്വർണ്ണത്തിന് 58.85 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സാലിം കരിപ്പൂരിലെത്തിയത്.കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ നേരത്തെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്തപ്പോഴൊക്കെ കൂസലില്ലാതെ തന്റെ കയ്യിൽ ഒന്നുമില്ലെന്നായിരുന്നു സാലിം വാദിച്ചുകൊണ്ടിരുന്നത്. എന്നാൽ, പോലീസ് ഇത് വിശ്വസിച്ചില്ല. തുടര്‍ന്ന് പരിശോധന നടത്തിയതോടെയാണ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ നാല് കാപ്‌സ്യൂളുകള്‍ കണ്ടെത്തിയത്.അതേസമയം, കേരളത്തിൽ മാത്രം കഴിഞ്ഞ വർഷം 755.81 കിലോഗ്രാം സ്വർണം പിടികൂടി. തൊട്ടുമുൻപത്തെ വർഷം ഇത് 586.95 കിലോഗ്രാം ആയിരുന്നു. കേന്ദ്ര ധനമന്ത്രാലയത്തിന്റെ കണക്കുപ്രകാരം കേരളത്തിൽ മാത്രം കഴിഞ്ഞ വർഷം 1,035 കേസുകളുണ്ടായി.പിടിച്ചെടുത്ത സ്വർണത്തിന്റെ അളവിൽ കേരളം കഴിഞ്ഞാൽ മഹാരാഷ്ട്ര (535.65 കിലോഗ്രാം), തമിഴ്നാട് (519 കിലോഗ്രാം) എന്നീ സംസ്ഥാനങ്ങളാണ് പിന്നാലെയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *