കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചുനിന്നാല്‍ വികസനരംഗത്ത് കുതിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചുനിന്നാല്‍ വികസനരംഗത്ത് കുതിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വികസനം വരുംനാളുകളില്‍ കോ-ഓപ്പറേറ്റീവ് ഫെഡറലിസത്തില്‍ നാഴികക്കല്ലാവുമെന്നും അദ്ദേഹം പറഞ്ഞു.കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനവും ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, റെയില്‍വേയുടെ വിവിധ വികസന പദ്ധതികള്‍ എന്നിവയുടെ ശിലാസ്ഥാപവും പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഡിജിറ്റല്‍ സാങ്കേതികവിദ്യകളില്‍ അധിഷ്ഠിതമായ മള്‍ട്ടി ഡിസിപ്ലിനറി ഇന്നൊവേഷന്‍ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനമായാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിനെ വിഭാവനം ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.കൊച്ചി വാട്ടര്‍ മെട്രോ രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ സംവിധാനവും ഈ വലുപ്പത്തിലുള്ള ഏഷ്യയിലെ ആദ്യത്തെ സംയോജിത ജലഗതാഗത സംവിധാനവുമാണ്. കേരള സര്‍ക്കാരിന്റെ നിക്ഷേപവും ജര്‍മന്‍ ഫണ്ടിങ് ഏജന്‍സിയായ കെ.എഫ്.ഡബ്ല്യുവിന്റെ വായ്പയും ഉള്‍പ്പെടെ 1136.83 കോടി ചെലവിലാണ് വാട്ടര്‍ മെട്രോ യാഥാര്‍ഥ്യമാക്കിയത്. വന്ദേഭാരതും കേരളത്തിന് വിവിധ റെയില്‍വേ വികസനപദ്ധതികളും അനുവദിച്ചതിന് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി നന്ദിരേഖപ്പെടുത്തി.