ഏതു നദിയിലെ ജലവും കോരിക്കുടിക്കാനാകണം: മുഖ്യമന്ത്രി
കേരള വാട്ടർ അതോറിറ്റി ജലജീവൻ മിഷൻ വഴി സജ്ജമാക്കിയ, 82 എൻഎബിഎൽ അംഗീകൃത കുടിവെള്ള ഗുണനിലവാര പരിശോധനാ ലാബുകളുടെ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.തിരുവനന്തപുരം: ഏതു നദിയിലെയും ജലം കോരിക്കുടിക്കാവുന്നത്ര മാലിന്യമുക്തമായ അവസ്ഥയാണ് സംസ്ഥാനത്ത് ഉണ്ടാകേണ്ടതെന്നും നാം കുടിക്കുന്ന ജലത്തിൽ മാലിന്യം കലരുന്നതായുള്ള സൂചനകൾ ആശങ്കയോടെ കാണണമെന്നും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പറഞ്ഞു. നദികളിലെ ജലം കോരിക്കുടിക്കാൻ പറ്റുന്നത്ര ശുദ്ധമായ അവസ്ഥയിലെത്തിക്കാനാണ് കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള ഗുണനിലവാര പരിശോധനാ ലാബുകൾ വഴി ശ്രമിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലജീവൻ മിഷൻ വഴി സജ്ജമാക്കിയ, വാട്ടർ അതോറിറ്റിയുടെ 82 എൻഎബിഎൽ അംഗീകൃത കുടിവെള്ള ഗുണനിലവാര പരിശോധനാ ലാബുകളുടെ പ്രവർത്തനോദ്ഘാടനം വാട്ടർ അതോറിറ്റി ആസ്ഥാനമായ ജലഭവനിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യാന്തര ഗുണനിലവാരമുള്ള വാട്ടർ അതോറിറ്റി ലാബുകൾ നാടിനു മുതൽക്കൂട്ടാണെന്നും കുടിക്കുന്ന വെള്ളം ശുദ്ധമാണോ എന്നുറപ്പുവരുത്തുന്നതിൽ ലാബുകൾ ചെയ്യുന്ന സേവനം ശ്രദ്ധേയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്രാമീണമേഖലയിൽ ജനങ്ങൾ ഉപയോഗിക്കുന്ന ജലത്തിൻറെ ഗുണനിലവാരം പരിശോധിച്ചപ്പോൾ, കൂടുതൽ ജലഗുണനിലവാര പരിശോധനാ ലാബുകൾ സ്ഥാപിച്ച് ജലത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തേണ്ട ആവശ്യമുണ്ടെന്നു ബോധ്യപ്പെട്ടതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച ജലവിഭവ മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ പറഞ്ഞു. സംസ്ഥാനത്ത് ശാസ്ത്ര ലാബുകൾ പ്രവർത്തിക്കുന്ന എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളിലും കുട്ടികൾക്കും അധ്യാപകർക്കും കുടിവെള്ള ഗുണനിലവാര പരിശോധന നടത്താനുള്ള പരിശീലനം നൽകാൻ സർക്കാർ ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു. സ്വകാര്യമേഖലയെക്കാൾ വളരെ കുറഞ്ഞ നിരക്കിലാണ് വാട്ടർ അതോറിറ്റിയുടെ ഗുണനിലവാര പരിശോധനാ വിഭാഗം കുടിവെള്ള പരിശോധന നടത്തുന്നത്. 2019-ൽ ഗ്രാമീണമേഖലയിൽ 17 ലക്ഷം കണക്ഷൻ എന്നത് 2024-ൽ ജലജീവൻ മിഷൻ പൂർത്തിയാകുമ്പോൾ 71 ലക്ഷം കണക്ഷൻ ആകും. ഈ സാഹചര്യത്തിൽ വാട്ടർ അതോറിറ്റിയുടെ നിലനിൽപ്പിനായി കുടിശ്ശിക ബില്ലുകൾ അടച്ചും കുടിശ്ശിക വരുത്താതെയും വാട്ടർ അതോറിറ്റിയുമായി പൊതുജനം സഹകരിക്കണമെന്നും മന്ത്രി ഒാർപ്പെടുത്തി. ഉപഭോക്താക്കൾക്ക് സ്വയം വാട്ടർ മീറ്റർ റീഡിങ് രേഖപ്പെടുത്തി, ബിൽ അടയ്ക്കാൻ സൗകര്യമൊരുക്കുന്ന കൺസ്യൂമർ സെൽഫ് മീറ്റർ റീഡിങ് ആപ്, മീറ്റർ റീഡർമാർക്ക് മീറ്റർ റീഡിങ് രേഖപ്പെടുത്താനുള്ള നൂതനസംരംഭമായ മീറ്റർ റീഡർ ആപ് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ജനങ്ങളെ സംബന്ധിച്ച് ഏറ്റവും ആകർഷകമായ സംരംഭമാണ് സ്വന്തമായി മീറ്റർ റീഡിങ് നടത്തി സുതാര്യമായ രീതിയിൽ ബിൽ അടയ്ക്കാനായി വാട്ടർ അതോറിറ്റി കെ-ഡിസ്കിന്റെ സഹായത്തോടെ ആവിഷ്കരിച്ച കൺസ്യൂമർ സെൽഫ് മീറ്റർ റീഡിങ് ആപ് എന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. വാട്ടർ അതോറിറ്റി ജലഗുണനിലവാര പരിശോധാനാ വിഭാഗം തയാറാക്കിയ പരിശോധാ സംവിധാനങ്ങളെപ്പറ്റി സമഗ്ര വിവരങ്ങൾ ഉൾപ്പെടുന്ന ബ്രോഷറിന്റെ പ്രകാശനം, മികച്ച പ്രവർത്തനം കാഴ്ച വച്ച ജീവനക്കാർക്കുള്ള പുരസ്കാരദാനം വേദിയിൽ നടന്നു. റാന്നി എംഎൽഎ പ്രമോദ് നാരായണൻ, ജലവിഭവവകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഡോ. വി.വേണു, ജലജീവൻ മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടറും വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടറുമായ വെങ്കടേസപതി ഐഎഎസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, തിരുവനന്തപുരം ജില്ലാ കളക്ടർ ജെറമിക് ജോർജ് ഐഎഎസ്, പാളയം വാർഡ് കൗൺസിലർ . പാളയം രാജൻ, വാട്ടർ അതോറിറ്റി ബോർഡ് അംഗങ്ങളായ അഡ്വ. ജോസ് ജോസഫ്, ഷാജി പാമ്പൂരി, ഉഷാലയം ശിവരാജൻ എന്നിവർ പ്രസംഗിച്ചു.ശുദ്ധജലം ലഭിക്കുക എന്ന പൊതുജനങ്ങളുടെ മൗലികാവകാശം ഉറപ്പുവരുത്താനും കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്താനുമായാണ് വാട്ടർ അതോറിറ്റി എൻഎബിഎൽ അംഗീകാരമുള്ള ലാബുകൾ സജ്ജമാക്കിയിട്ടുള്ളത്. ലാബുകളുടെ സാങ്കേതിക കാര്യക്ഷമതാ പരിശോധനയ്ക്ക് രാജ്യത്തെ ഏറ്റവും വിശ്വസനീയ ഏജൻസിയായ നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബറേഷൻ ലബോറട്ടറീസ്(എൻഎബിഎൽ) നൽകുന്ന അംഗീകാരമാണ് വാട്ടർ അതോറിറ്റിയുടെ 82 ലാബുകൾക്ക് ലഭിച്ചത്. പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഏറ്റവും കുറഞ്ഞ നിരക്കിൽ തങ്ങളുപയോഗിക്കുന്ന കുടിവെള്ളം പരിശോധിക്കാൻ എല്ലാ ജില്ലകളിലുമായുള്ള ജില്ലാ-ഉപജില്ലാ ലാബുകളിൽ ലഭ്യമായ ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഉപഭോക്താക്കൾക്ക് ജലഗുണനിലവാര പരിശോധന ഓൺലൈൻ വഴി നിർവഹിക്കാനുള്ള സൗകര്യം വാട്ടർ അതോറിറ്റി സജ്ജമാക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് താങ്ങാവുന്ന രീതിയിൽ നിരക്കുകൾ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. qpay.kwa.kerala.gov.in എന്ന സൈറ്റില്‍ പണമടച്ച്, കുടിവെള്ള സാമ്പിള്‍ അതാതു ലാബുകളില്‍ എത്തിച്ചാല്‍ സാമ്പിള്‍ പരിശോധിച്ച് ഫലം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അതോറിറ്റി നിശ്ചയിച്ച നിരക്ക് പ്രകാരമാണ് പണമടക്കേണ്ടത്. ഹോട്ടലുകള്‍ക്കും മറ്റും നിശ്ചിത ഫീസോടെ ഗുണനിലവാരം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള സൗകര്യം ലാബുകളിലുണ്ട്. ഇതിനു പുറമെ ഗ്രാമീണ പ്രദേശങ്ങളിലെ സ്രോതസ്സുകളുടെ ഗുണനിലവാര പരിശോധനയും ലാബുകളില്‍ നടത്തുന്നുണ്ട്. തദ്ദേശ സ്വയം രണ സ്ഥാപനങ്ങൾക്ക് അവരുടെ പരിധിയിൽ വരുന്ന റസ്റ്റോറന്റുകളുൾപ്പെടെ കുടിവെള്ളം ഉപയോഗിക്കുന്ന വാണിജ്യ സ്ഥാപനങ്ങളുടെ ലൈസൻസിംഗ് ആവശ്യങ്ങൾക്ക് ലാബുകളുടെ സേവനം ഉപയോഗിക്കാം. എൻഎബിഎൽ അംഗീകാരം നിലവിൽ ലഭ്യമായിട്ടില്ലാത്ത ലാബുകളും കുടിവെള്ള പരിശോധന നടത്തി വരുന്നുണ്ട്.