എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി അദാനി കൂടിക്കാഴ്ച നടത്തി
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ നിലനിൽക്കെ, എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി കൂടിക്കാഴ്ച നടത്തി. പവാറിന്റെ മുംബൈയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. അദാനി വിഷയത്തിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയെ തള്ളി ശരദ് പവാർ രംഗത്തെത്തിയിരുന്നു.രണ്ടു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു നിന്നു. രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയായില്ലെന്നും, അദാനിയുടേത് സൗഹൃദസന്ദർശനമായിരുന്നുവെന്നും എൻസിപി നേതാക്കൾ സൂചിപ്പിക്കുന്നു. അതേസമയം കൂടിക്കാഴ്ചയിലൂടെ അദാനി വിഷയത്തിൽ എൻസിപി പ്രതിപക്ഷത്തിനൊപ്പമില്ലെന്ന വ്യക്തമായ സൂചനയാണെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.ഹിൻഡൻബെർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ അദാനിയും കേന്ദ്രസർക്കാരും തമ്മിലുള്ള ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വന്നിരുന്നു. വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്നുമാണ് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടത്.എന്നാൽ അദാനിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനും, ഇന്ത്യയിലെ ഒരു ബിസിനസ് ഗ്രൂപ്പിനെ തകർക്കാനുമുള്ള ഗൂഢാലോചന ഇതിനു പിന്നിലുണ്ടോയെന്ന് സംശയമുണ്ടെന്നുമാണ് ശരദ് പവാർ പ്രതികരിച്ചിരുന്നത്. അദാനി വിഷയത്തിൽ ജെപിസി വേണമെന്ന പ്രതിപക്ഷ നിലപാടിനോടും ശരദ് പവാർ യോജിച്ചിരുന്നില്ല.