മഹാരാഷ്ട്രയില്‍ കടുത്ത ചൂട് സഹിക്കാനാകാതെ വീടിന് പുറത്ത് കിടന്നുറങ്ങിയ വീട്ടമ്മയ്ക്ക് കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം
മുംബൈ: മഹാരാഷ്ട്രയില്‍ കടുത്ത ചൂട് സഹിക്കാനാകാതെ വീടിന് പുറത്ത് കിടന്നുറങ്ങിയ വീട്ടമ്മയ്ക്ക് കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം. ഛന്ദ്രപൂര്‍ ജില്ലയില്‍ ടഡോബ കടുവ സംരക്ഷണ കേന്ദ്രത്തിന് ചേര്‍ന്നുള്ള സോലിയിലാണ് അതിദാരുണ സംഭവം. 53 കാരിയായ മന്ദബായ് സിദാം എന്ന സ്ത്രീയാണ് ദാരുണമായി കൊല്ലപ്പെട്ടത്. തിങ്കഴാഴ്ച അര്‍ധരാത്രിയാണ് അപകടമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.വീടിനു പുറത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന മന്ദബായ് സിദയെ കടുവ കടിച്ച് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. യുവതി ഉച്ചത്തില്‍ കരഞ്ഞു വിളിച്ചെങ്കിലും ആളുകള്‍ എത്തുമ്പോഴേക്കും കടുവ കാട്ടിലേക്ക് മറഞ്ഞിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സ്ത്രീ സംഭവസ്ഥലത്തുതന്നെ മരിച്ചതായി ഫോറസ്റ്റ് ചീഫ് കന്‍സര്‍വേറ്റര്‍ അറിയിച്ചു. കുടുംബത്തിന് പ്രാഥമിക ഘട്ട സഹായം അനുവദിച്ചതായും അദ്ദേഹം അറിയിച്ചു. ചന്ദ്രപൂര്‍ ജില്ലയില്‍ ചൂട് വളരെ കൂടുതലാണെന്നും രാത്രി ചൂടില്‍ നിന്ന് രക്ഷതേടി ആളുകള്‍ വീടിന് പുറത്തു കിടന്ന് ഉറങ്ങുന്നത് പതിവാണെന്നും പ്രദേശവാസികള്‍ പറയുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ജില്ലയില്‍ എട്ടുപേര്‍ വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കടുവകളുടെ ആക്രണത്തില്‍ ജില്ലയില്‍ 53 പേര്‍ കൊല്ലപ്പെട്ടിരുന്നു. വിവിധ സംഭവങ്ങളിലായി 14 കടുവകള്‍ക്കും ജീവഹാനി സംഭവിച്ചിരുന്നു.