തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയിയെ കാണാനില്ലെന്ന പരാതിയുമായി മകന്‍

Spread the love

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയിയെ കാണാനില്ലെന്ന പരാതിയുമായി മകന്‍. തിങ്കളാഴ്ച ഇന്‍ഡിഗോ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ട പിതാവിനേക്കുറിച്ച് വിവരമില്ലെന്നാണ് മകന്റെ പരാതി. ജി ഇ 898 വിമാനത്തിലാണ് മുകുള്‍ റോയി ഡല്‍ഹിയിലേക്ക് പോയത്. മകനുമായി വഴക്കുണ്ടായ ശേഷമാണ് മുകുള്‍ റോയി ഡല്‍ഹിയിലേക്ക് പോയതെന്നാണ് ചില ബന്ധുക്കള്‍ പ്രതികരിക്കുന്നത്. ഭാര്യയുടെ മരണ ശേഷം ശാരീരിക ബുദ്ധിമുട്ടുകളുണ്ടായ മുകുള്‍ റോയിയെ ഫെബ്രുവരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.എയര്‍പോര്‍ട്ട് പൊലീസില്‍ മുകുള്‍ റോയിയെ കാണാതായത് സംബന്ധിച്ച പരാതിപ്പെട്ടതായാണ് മകന്‍ പ്രതികരിക്കുന്നത്. എന്നാല്‍ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. 68 വയസ് പ്രായമുള്ള മുകുള്‍ റോയി കഴിഞ്ഞ ഒന്നര കൊല്ലമായി സജീവ രാഷ്ട്രീയത്തിലില്ല. നേരത്തെ റെയില്‍വേ മന്ത്രിയായിരുന്ന മുകുള്‍ റോയി തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു. ഒരുകാലത്ത് തൃണമൂല്‍ കോണ്‍ഗ്രസില്‍ രണ്ടാമനായിരുന്നു മുകുള്‍ റോയ്. മമത ബാനര്‍ജിയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയുടെ ഉയര്‍ച്ചയില്‍ പ്രതിഷേധിച്ചാണ് 2017ല്‍ പാര്‍ടി വിട്ട മുകുള്‍ റോയി ബിജെപിയില്‍ ചേര്‍ന്നിരുന്നു.എന്നാല്‍ 2021ല്‍ ബിജെപിയുടെ ദേശീയ ഉപാധ്യക്ഷന്‍ പദവി വരെയെത്തിയ മുകുള്‍ റോയി തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സുവേന്ദു അധികാരിയെ പ്രതിപക്ഷ നേതാവാക്കിയതോടെയാണ് മുകുള്‍ റോയ് ബിജെപിയുമായി തെറ്റാന്‍ കാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *