വിഷൻ കാട്ടാക്കട പി.ശ്രീരാമകൃഷ്ണൻ പ്രകാശനം ചെയ്തു

Spread the love

Vision Kattakkada was released by P. Sriramakrishnan

കാട്ടാക്കട നിയോജകമണ്ഡലത്തിന്റെ വികസന സ്വപ്നങ്ങൾക്ക് കുതിപ്പേകുന്നതിന് സഹായകരമാകുന്ന വിഷൻ കാട്ടാക്കട നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പ്രകാശനം ചെയ്തു. അടിസ്ഥാനസൗകര്യ വികസനങ്ങൾക്കനുസരിച്ച് ഭാവിവികസന സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് നിയോജകമണ്ഡലാടിസ്ഥാനത്തിലുളള ആലോചനകൾ മാതൃകാപരമാണെന്ന് പ്രകാശനം നിർവ്വഹിച്ചു കൊണ്ട് പി. ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. 2030 ൽ കാട്ടാക്കട എങ്ങനെയായിരിക്കുമെന്നതിന്റെ മാർഗ്ഗരേഖയാണ് വിഷൻ കാട്ടാക്കടയെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖം ചരക്കുനീക്കത്തിൽ മാത്രമല്ല ക്രൂയിസ്സ് കപ്പലുകൾ വഴി ടൂറിസത്തിനും വലിയസാധ്യതയാണ് സംസ്ഥാനത്തിനും പ്രത്യേകിച്ച് കാട്ടാക്കടയ്ക്കും ഉളളതെന്ന് നോർക്ക, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല പറഞ്ഞു. വിഷൻ ഡോക്യുമെന്റിന്റെ അടിസ്ഥാനത്തിൽ നൈപുണ്യവികസന ഉൾപ്പെടെയുളളവയ്ക്കായി മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിഷൻ കാട്ടാക്കടയുടെ ഭാഗമായി നോർക്ക റൂട്ട്സ് വഴി നിയോജകമണ്ഡലത്തിലെ തിരികെയെത്തിയ പ്രവാസികൾക്കായി പ്രത്യേക വായ്പാമേള, നിക്ഷേപകസംഗമം എന്നിവ സംഘടിപ്പിക്കുമെന്നും നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ് മുഖേന കാട്ടാക്കടയിലെ യുവതീയുവാക്കൾക്കായി പ്രത്യേക ബാച്ച് ആരംഭിക്കുമെന്നും ചടങ്ങിൽ നോർക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി പറഞ്ഞു. കാട്ടാക്കട നിയോജകമണ്ഡലത്തിൽ അടിസ്ഥാനസൗകര്യവികസനങ്ങളുടെ ഭാഗമായി നിലവിലും ഭാവിയിലുമുളള നിക്ഷേപ സൗഹൃദ അന്തരീക്ഷവും, സാധ്യതകളും പരിചയപ്പെടുത്തുക എന്നതാണ് വിഷൻ കാട്ടാക്കടയുടെ ലക്ഷ്യം. കാർഷികം, അനുബന്ധ മേഖലകൾ, വിവരസാങ്കേതികവിദ്യ ടൂറിസം,ലോജിസ്റ്റിക്സ് മേഖലയിലും വിഴിഞ്ഞംരാജ്യന്തര തുറമുഖം വഴിയും കാട്ടാക്കടയ്ക്കുളള സാധ്യതകൾ വിഷൻ കാട്ടാക്കട ഊന്നൽ നൽകുന്നു. സംസ്ഥാന സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റുമായി (സി എം ഡി) സഹകരിച്ചാണ് 64 പേജുകളുളള വിഷൻ ഡോക്യൂമെന്റ് തയ്യാറാക്കിയത്. നോർക്ക റൂട്ട്സ് ആസ്ഥാനമായ നോർക്ക സെന്ററിൽ നടന്ന പ്രകാശനചടങ്ങിൽ കാട്ടാക്കട എം.എൽ.എ ഐ.ബി. സതീഷ്, നോർക്ക റൂട്ട്സ് ജനറൽ മാനേജർ അജിത്ത് കോളശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *