ദുരിതാശ്വാസ ഫണ്ട് കേസ് റിവ്യൂ ഹർജി ലോകായുക്ത ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസില്‍ പരാതിക്കാരന്‍ ആര്‍എസ് ശശികുമാര്‍ നല്‍കിയ റിവ്യൂ ഹര്‍ജി ലോകായുക്ത ഇന്ന് പരിഗണിക്കും. കേസ് ഫുള്‍ബെഞ്ചിന്റെ പരിഗണനക്ക് വിട്ട രണ്ടംഗ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.ദുരിതാശ്വാസ നിധി ദുരുപയോഗം സംബന്ധിച്ച ഹര്‍ജി പരിഗണിക്കണോ എന്ന കാര്യത്തില്‍ ലോകായുക്ത ഫുള്‍ ബെഞ്ച് തന്നെ തീരുമാനമെടുത്തതാണെന്നും ഈ കാര്യം അവഗണിച്ചാണ് ഹര്‍ജി നിലനില്‍ക്കുന്നതാണോ എന്ന് പരിശോധിക്കാന്‍ വീണ്ടും ഫുള്‍ബെഞ്ചിനു വിട്ടുകൊണ്ടുള്ള വിധി വന്നത് എന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നത്.ഹര്‍ജി നിലനില്‍ക്കുമെന്നും, അതിനാല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നുമുള്ള വിധി പ്രസ്താവം നിലനില്‍ക്കുകയാണ്. ആ വിധി അപ്രസക്തമാക്കിയാണ് ലോകായുക്തയുടെ പുതിയ ഉത്തരവ് എന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നത്. ലോകായുക്ത ഫുള്‍ ബെഞ്ച് കേസ് നാളെയാണ് പരിഗണിക്കുക.എൻസിപി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിനു 25 ലക്ഷം അനുവദിച്ചു, മുൻ ചെങ്ങന്നൂര്‍ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ കുടുംബത്തിനു കടം തീര്‍ക്കാൻ എട്ടര ലക്ഷം അനുവദിച്ചു, സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയ വാഹനം അപകടത്തിൽപ്പെട്ട് മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് 20 ലക്ഷം നല്‍കി എന്നിവ അഴിമതിയും സ്വജനപക്ഷപാതവുമാണെന്നാണ് കേസ്.