പ്രസിദ്ധീകരണത്തിന്
തിരുവനന്തപുരം : കെ – റെയിൽ പദ്ധതിയിൽ ഇനി പ്രതീക്ഷയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇതുമൂലം ഉണ്ടാകാവുന്ന തിരിച്ചടി ഭയന്ന് ജനങ്ങളെ കബളിപ്പിക്കാൻ നടത്തിയിരിക്കുന്ന സൂത്രവിദ്യയാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. സംസ്ഥാന സർക്കാർ സമർപ്പിച്ച ഡി.പി.ആർ തിരിച്ചയച്ചതടക്കമുള്ള കാര്യങ്ങൾ നേരത്തെ സംഭവിച്ചതാണെന്നും അന്നൊക്കെ മൗനം അവലംബിച്ച മുഖ്യമന്ത്രി ഇപ്പോൾ ഈ കാര്യം എടുത്തിട്ടതിനു പിന്നിൽ ഈ ഗൂഢലക്ഷ്യം മാത്രമാണുള്ളത്.
മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് ശേഷവും സിൽവർ ലൈനുമായി മുന്നോട്ടുപോകാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണന്റെ പ്രസ്താവന ഇക്കാര്യത്തിലെ ഒളിച്ചുകളി വെളിവാക്കുന്നതാണ്.
മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ തരിമ്പെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ യാതൊരു അനുമതിയും ലഭിക്കാത്ത ഒരു പദ്ധതിയുടെ പേരിൽ സർവ്വ സർക്കാർ സന്നാഹങ്ങളും ഉപയോഗിച്ച് നടത്തിയ ബലപ്രയോഗത്തിൽ ജനങ്ങൾക്കുണ്ടായ ഭീകരമായ കഷ്ടനഷ്ടങ്ങൾക്ക് അവരോട് മാപ്പ് പറയുകയാണ് വേണ്ടത്.
മഞ്ഞക്കല്ല് സ്ഥാപിക്കാനായി പോലീസും ഉദ്യോഗസ്ഥരും സ്വകാര്യഭൂമിയിൽ കടന്നു കയറി നടത്തിയ അതിക്രമത്തെ പ്രതിരോധിച്ചതിന് സംസ്ഥാനത്തുടനീളം എടുത്തിട്ടുള്ള നൂറുകണക്കിന് കേസുകൾ പിൻവലിക്കണം. താൻ അടക്കം സമരസമിതി നേതാക്കളും വീട്ടമ്മമാരും സംസ്ഥാനത്തെ വിവിധ കോടതികളിൽ കയറിയിറങ്ങി നടക്കുകയാണ്.
യാതൊരു അനുമതിയും ലഭിക്കാത്ത പദ്ധതിക്ക് വേണ്ടിയാണ് സ്ഥലം ഏറ്റെടുക്കാൻ സർക്കാർ വിജ്ഞാപനം ഇറക്കിയത്. വിജ്ഞാപനത്തിൽ ഉൾപ്പെട്ടുപോയ നൂറുകണക്കിന് സ്ഥലം ഉടമകൾ വീടുവയ്ക്കാനോ സ്ഥലം വിൽക്കാനോ വായ്പയെടുക്കാനോ ഒന്നും കഴിയാതെ ഇന്നും നെട്ടോട്ടമോടുകയാണ്. ഇനി പ്രതീക്ഷയില്ലെന്നു പറയുന്ന മുഖ്യമന്ത്രി ഈ നോട്ടിഫിക്കേഷൻ പിൻവലിക്കാൻ തയ്യാറാകുമോ?
ഒരു പദ്ധതിക്ക് വേണ്ട പഠനങ്ങളോ അനുമതിയോ ഒന്നും ലഭിക്കാതെതന്നെ ഇതിനുവേണ്ടി ഇതിനകം 120 കോടി രൂപയോളം ചിലവിട്ടിരിക്കുകയാണ്. ഇതടക്കം അനുമതിയില്ലാതെ നടത്തിയ ഇത്തരം പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും പുതുശ്ശേരി ആവശ്യപ്പെട്ടു.
ജോസഫ് എം. പുതുശ്ശേരി
9447077333

