മുന്‍ എം.പി രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിലെ ടെലിഫോണ്‍, ഇന്റര്‍നെറ്റ് കണക്ഷനുകള്‍ വിച്ഛേദിച്ച് ബിഎസ്എന്‍എല്‍

Spread the love

കല്‍പ്പറ്റ: മുന്‍ എം.പി രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിലെ ടെലിഫോണ്‍, ഇന്റര്‍നെറ്റ് കണക്ഷനുകള്‍ വിച്ഛേദിച്ച് ബിഎസ്എന്‍എല്‍. വൈകിട്ട് ആറുമണിയോടെയാണ് വിവരം എംപി ഓഫീസിലെ മുന്‍ സ്റ്റാഫുകളെ കല്‍പ്പറ്റ ബിഎസ്എന്‍എല്‍ ഓഫീസില്‍ നിന്ന് വിളിച്ചറിയിക്കുന്നത്. ഡല്‍ഹിയിലെ ബിഎസ്എന്‍എല്‍ ആസ്ഥാനത്തുനിന്നും അറിയിച്ചത് അനുസരിച്ചാണ് കണക്ഷന്‍ കട്ട് ചെയ്തതെന്നാണ് കല്‍പ്പറ്റ ബിഎസ്എന്‍എല്‍ ഓഫീസില്‍ നിന്നുള്ള വിശദീകരണം.എംപി സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനാലാണ് നടപടിയെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചിട്ടുണ്ട്. അയോഗ്യനാക്കിയ തീരുമാനം കോടതിയുടെ പരിഗണനയിലിരിക്കെ ധൃതിപിടിച്ചു നടത്തുന്ന ഇത്തരം നീക്കങ്ങള്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രതികരിച്ചു. ഇതിനിടെ രാഹുല്‍ ഗാന്ധി വയനാട്ടുകാര്‍ക്ക് എഴുതിയ കത്ത് പ്രവര്‍ത്തകര്‍ വീടുകളില്‍ വിതരണം ചെയ്യുകയാണ്.ഈ മാസം 11-ാം തീയതി വയനാട്ടിലെത്തുന്ന രാഹുലിന് വന്‍ സ്വീകരണം ഒരുക്കാനാണ് യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും തീരുമാനം. പ്രതിസന്ധികളെ അതിജീവിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് രാഹുല്‍ ഗാന്ധി കത്തില്‍ വ്യക്തമാക്കുന്നുണ്ട്. നരേന്ദ്ര മോദിയെ മാത്രം ലക്ഷ്യമിട്ടുള്ള പരാമര്‍ശങ്ങളാണ് നടത്തിയതെന്നും അതില്‍ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യേണ്ടത് അദ്ദേഹമായിരുന്നുവെന്നും രാഹുല്‍ കോടതിയില്‍ പറഞ്ഞിരുന്നു.ഇക്കാര്യത്തില്‍ പരാതി നല്‍കാന്‍ ബിജെപി എംഎല്‍എ പുര്‍ണേഷ് മോദിക്ക് നിയമപരമായ അവകാശമില്ല. മോദിയെന്ന നാമം 13 കോടി പേര്‍ക്കുണ്ടെന്നാണ് ജഡ്ജി വിധിന്യായത്തില്‍ പറഞ്ഞത്. 13 കോടി പേര്‍ക്കും പ്രസംഗത്തിന്റെ പേരില്‍ തനിക്കെതിരെ കേസ് കൊടുക്കാമെന്ന സാഹചര്യം നിയമപരമായി നിലനില്‍ക്കില്ലെന്നും രാഹുല്‍ പറഞ്ഞു. കേസ് 13ന് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *