വേമ്പനാട്ടുകായലോരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി
വൈക്കം: വേമ്പനാട്ടുകായലോരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. വൈക്കം താലൂക്ക് ആശുപത്രിക്ക് സമീപം കായലോരത്താണ് മൃതദേഹം അടിഞ്ഞത്. 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് തീരത്തടിഞ്ഞ നിലയിൽ കണ്ടെത്തിയത്. പാന്റും ഷർട്ടും ആണ് വേഷം.ഇന്നലെ ഉച്ചയോടെ കുപ്പി പെറുക്കാൻ കായലോരത്ത് എത്തിയവർ ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. രണ്ടാഴ്ചയിലധികം പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലായിരുന്നു.ഇവർ ആശുപത്രിയിൽ കെട്ടിട നിർമാണം നടത്തുന്നവരോട് പറഞ്ഞതിനെ തുടർന്ന്, തൊഴിലാളികൾ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന്, വൈക്കം പൊലീസ് മേൽ നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.