ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയെന്ന കേസില്‍ മുഖ്യമന്ത്രിക്ക് താല്‍ക്കാലിക ആശ്വാസം

Spread the love

തിരുവനന്തപുരം : ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയെന്ന കേസില്‍ മുഖ്യമന്ത്രിക്ക് താല്‍ക്കാലിക ആശ്വാസം. രണ്ടംഗ ബെഞ്ചില്‍ വ്യത്യസ്ത അഭിപ്രായമുണ്ടായതിനാല്‍ കേസ് മൂന്നംഗ ബെഞ്ചിന് വിടുകയാണെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അറിയിച്ചു. കേസില്‍ മൂന്നംഗ ബെഞ്ച് പിന്നീട് വിശദമായ വാദം കേള്‍ക്കും. ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദുമാണ് വിധി പ്രസ്താവിച്ചത്. അതേസമയം, കേസില്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ച് 18ന് വാദം പൂര്‍ത്തിയായിട്ടും വിധി വൈകിയതിനാല്‍ പരാതിക്കാരനായ കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ് ശശികുമാര്‍ കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് ലോകായുക്തയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലാക്കിയത്. മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സര്‍ക്കാറിലെ മന്ത്രിമാര്‍ക്കും എതിരെയാണ് കേസ്.എന്‍സിപി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷവും അന്തരിച്ച എംഎല്‍എ. കെകെ രാമചന്ദ്രന്റെ കുടുംബത്തിന് എട്ടരലക്ഷവും കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച സിവില്‍ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷവും അനുവദിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് വിധി.

Leave a Reply

Your email address will not be published. Required fields are marked *