വിദേശ രാജ്യങ്ങളിലെ കൊവിഡ് വ്യാപനം മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

Spread the love

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളിലെ കൊവിഡ് വ്യാപനത്തിന് പിന്നാലെ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം. അമേരിക്കയിലും ജപ്പാനിലും അടക്കം വ്യാപനം കൂടുന്ന സാഹചര്യത്തില്‍ പരിശോധനയും ജനിതക ശ്രേണികരണവും കൃത്യമായി നടപ്പിലാക്കണമെന്നാണ് സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദ്ദേശം. അഞ്ച് ഘട്ട പ്രതിരോധ പ്രവര്‍ത്തനം ഉറപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.ലോകത്ത് പലയിടങ്ങളിലായി കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 11 മണിക്കാണ് ഡല്‍ഹിയില്‍ യോഗം ചേരുക. പ്രതിരോധ മാര്‍ഗങ്ങളുടെ സ്ഥിതി, വാക്‌സിനേഷന്‍ പുരോഗതി മുതലായവ വിലയിരുത്തുകയാണ് യോഗത്തിന്റെ അജണ്ട. ആരോഗ്യ സെക്രട്ടറി അടക്കമുള്ള മന്ത്രാലയത്തിലെ പ്രധാന ഉദ്യോഗസ്ഥര്‍, നീതി ആയോഗ് അംഗം, കൊവിഡ് സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.അതേസമയം, ഇന്ത്യയിലെ കൊവിഡ് കണക്കുകളില്‍ റെക്കോര്‍ഡ് കുറവാണ് രേഖപ്പെടുത്തിയത്. 1103 പേര്‍ക്കാണ് കഴിഞ്ഞ ഒരാഴ്ച്ച രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് വര്‍ഷം മുമ്പ് മാര്‍ച്ചില്‍ ആദ്യ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് പ്രതിവാര കണക്ക് ആയിരത്തിലെത്തുന്നത്. ഒരാഴ്ച്ചയ്ക്കിടെയുള്ള കൊവിഡ് മരണ നിരക്ക് പന്ത്രണ്ടായി കുറഞ്ഞു. 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണ നിരക്കാണിത്. ചൈനയിലും ജപ്പാനിലും പല യൂറോപ്യന്‍ രാജ്യങ്ങളിലും കൊവിഡ് വ്യാപനം വീണ്ടും ആശങ്ക ഉയര്‍ത്തുന്നതിനിടയിലാണ് ഇന്ത്യയില്‍ കണക്കുകള്‍ ആശ്വാസമാകുന്നത്.

വിദേശ രാജ്യങ്ങളിലെ കൊവിഡ് വ്യാപനം മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

Leave a Reply

Your email address will not be published. Required fields are marked *