നഗരമധ്യത്തിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച

Spread the love

കായംകുളം: നഗരമധ്യത്തിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച. ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് സംഭവം. ചിറക്കടവം തയ്യിൽ അബ്ദുൽ ഗഫാർ സേട്ടിൻറെ വീട്ടിൽ നിന്നും അലമാരിയിൽ സൂക്ഷിച്ചിരുന്ന 83,000 രൂപയും രണ്ടുലക്ഷത്തോളം രൂപ വിലവരുന്ന വീട്ടുസാമഗ്രികളും ഗ്യാസ് നിറഞ്ഞ രണ്ടു പാചകവാതക സിലിണ്ടറുകളും വിവിധ കട്ടിങ് മെഷീനുകളുമാണ് മോഷ്ടാക്കൾ അടിച്ചുമാറ്റിയത്.അബ്ദുൽ ഗഫാർ സേട്ടിൻറെ ഭാര്യ റാബിയ ഭായിയുടെ ചികിത്സാർഥം വീട്ടുകാർ തിരുവനന്തപുരത്തു പോയ സമയത്താണ് മോഷണം നടന്നത്. ശനിയാഴ്ചയാണ് വീട്ടുകാർ തിരുവനന്തപുരത്തേക്ക് പോയത്. തിങ്കളാഴ്ചയാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ വീട്ടുകാർ തിരികെയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.വാതിലുകളും അലമാരകളും നശിപ്പിച്ചതും വൻ നഷ്ടത്തിനിടയാക്കി. മുൻവശത്തെയും പുറകിലെയും വാതിലുകൾ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. ഒരെണ്ണം ഒഴിച്ചുള്ള എല്ലാ മുറികളുടെയും വാതിൽ തകർത്തു. ശുചിമുറികളിലെയടക്കം പൈപ്പ് ഫിറ്റിങ്ങ്സും അഴിച്ചെടുത്തു. എന്നാൽ, വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറി തുറക്കാനായില്ല. മോഷണം കഴിഞ്ഞ് മുറികളിലും ഹാളിലും ഇവർ മൂത്രവിസർജനം നടത്തിയിരുന്നു.സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടുകാർ സ്ഥലത്തില്ലത്തില്ലെന്ന് അറിഞ്ഞ് നടത്തിയ മോഷണമാണിതെന്നാണ് പൊലീസ് പറയുന്നത്. പ്രദേശത്തെ സിസിടിവി ദ്യശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *