സ്വർണം കടത്തിയ ആൾ തന്നെ അത് മോഷ്ടിക്കാനും ആളെയാക്കി; കരിപ്പൂരിൽ പോലീസ് പൊളിച്ചത് വൻ പദ്ധതി

Spread the love

കരിപ്പൂർ വിമാനത്താവളത്തിൽ വിദേശത്തുനിന്നും 56 ലക്ഷം രൂപയുടെ സ്വർണവുമായി എത്തിയ യാത്രക്കാരനും കടത്തു സ്വർണ്ണം കവർച്ച ചെയ്യാനെത്തിയ ആറംഗ സംഘവും പിടിയിലായത്‌ പോലീസിന്റെ കൃത്യമായ നീക്കത്തിനൊടുവിൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ ഓപ്പറേഷനിലാണ് കവർച്ചാ സംഘം പിടിയിലായത്. സ്വർണം കൊണ്ടുവന്ന കുറ്റ്യാടി സ്വദേശിയുടെ അറിവോടെയാണ് സംഘം കവർച്ച ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.കരിപ്പൂർ വിമാനത്താവളത്തിൽ വിദേശത്ത് നിന്നും എത്തുന്ന കടത്തു സ്വർണ്ണം കവർച്ച ചെയ്യാനായി ആറംഗ സംഘം എത്തിയിട്ടുണ്ടെന്ന് മലപ്പുറം എസ്.പി എസ് ശശിധരനാണ് വിവരം ലഭിച്ചത്. പിന്നാലെ പോലീസ് രഹസ്യ ഓപ്പറേഷൻ തുടങ്ങി. വിമാനത്താവളത്തിലെ അറൈവൽ ഗേറ്റിൽ വെച്ച് പാനൂർ സ്വദേശി നിധിൻ, അഖിലേഷ്, മുജീബ് എന്നിവർ പിടിയിലായി. ഖത്തറിൽ നിന്നെത്തുന്ന യാത്രക്കാരനിൽ നിന്നും സ്വർണം കവരാനാണ് കാത്തു നിന്നതെന്നു ഇവർ പോലീസിനോട് വെളിപ്പെടുത്തി. വിമാനത്താവളത്തിന് പുറത്ത് മൂന്നംഗ സംഘം കൂടി ഉണ്ടെന്നും ഇവർ പോലീസിനോട് പറഞ്ഞു. പിന്നാലെ ഖത്തറിൽ നിന്നും എത്തി കസ്റ്റംസ് പരിശോധന അതിജീവിച്ച് പുറത്തിറങ്ങിയ കുറ്റ്യാടി സ്വദേശി ലബീബ് സ്വർണ്ണവുമായി പോലീസ് പിടിയിലായി. ക്യാപ്‌സ്യൂൾ രൂപത്തിൽ കടത്തിയ സ്വർണ്ണം ഇയാളിൽ നിന്നും പോലീസ് കണ്ടെത്തി.ലബീബ് പോലീസിന്റെ പിടിയിലായെന്ന വിവരം അറിഞ്ഞ് വിമാനത്താവളത്തിന് പുറത്തു കാത്തുനിന്ന മൂന്നംഗ സംഘം കാറിൽ സ്ഥലം വിട്ടു. കാറിനെ പിന്തുടർന്ന പോലീസ് ചൊക്ലിയിൽ വെച്ച് ഇവരെ പിടികൂടി. പാനൂർ സ്വദേശി അജ്മൽ, മുനീർ, നജീബ് എന്നിവരാണ് പിടിയിലായത്. കുറ്റ്യാടി സ്വദേശി ഫസൽ ആണ് സ്വർണ്ണവുമായി എത്തുന്ന ആളുടെ വിവരം സംഘത്തിന് കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *